വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവയ്പ്പ് സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു.

വാഷിംഗ്ടൺ ഡിസിയിലെ ഹോട്ടലിലുണ്ടായ ആക്രമണ സംഭവത്തിൽ ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതിൽ താൻ ആശ്വാസഭരിതനാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി കുറിച്ചു. അവരുടെ സുരക്ഷയ്ക്കായി അദ്ദേഹം ആശംസകൾ നേർന്നു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അത് നിരുപാധികം അപലപിക്കപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ശനിയാഴ്ച രാത്രി വിരുന്നിനിടെ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് സീക്രട്ട് സർവീസ് ഏജന്റുകൾ ട്രംപിനെയും മെലാനിയയെയും സ്ഥലത്ത് നിന്നും മാറ്റിയത്. അക്രമി ഒരു സീക്രട്ട് സർവീസ് ഏജന്റിന് നേരെയാണ് വെടിയുതിർത്തതെന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ ഏജന്റ് ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വെടിയുണ്ടയെ പ്രതിരോധിച്ചതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പ്രതിയെ “രോഗാതുരമായ മനസ്സുള്ള വ്യക്തി” എന്നാണ് ട്രംപ് സംഭവത്തിന് പിന്നാലെ വിശേഷിപ്പിച്ചത്. സുരക്ഷാ ചെക്ക്‌പോസ്റ്റ് ഭേദിച്ച് അകത്ത് കയറാൻ ശ്രമിച്ച അക്രമിയെ സീക്രട്ട് സർവീസ് അംഗങ്ങൾ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ട്രംപ് പിന്നീട് പങ്കുവെച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒരാൾ വേഗത്തിൽ ഇരച്ച് കയറുന്നത് കാണാമായിരുന്നു.

വെടിയൊച്ച മുഴങ്ങിയതോടെ വിരുന്നിനെത്തിയ 2,600-ഓളം വരുന്ന അതിഥികൾ ആകെ പരിഭ്രാന്തരായി. “താഴെ കിടക്കൂ, താഴെ കിടക്കൂ!” എന്ന് ആളുകൾ നിലവിളിക്കുന്നുണ്ടായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, റോബർട്ട് എഫ്. കെന്നഡി ജൂനിയർ, ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥർ നിലത്ത് കിടത്തിയാണ് സംരക്ഷണം ഒരുക്കിയത്. പിന്നീട് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

വാഷിംഗ്ടണിന്റെ സാമൂഹിക കലണ്ടറിലെ ഒരു പ്രധാന ഘടകമായ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ അത്താഴം ഹിൽട്ടൺ ഹോട്ടലിന്റെ ബേസ്‌മെന്റിലെ ബോൾറൂമിലാണ് നടന്നത്. അതിൽ മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരും കാബിനറ്റ് അംഗങ്ങളുമാണ് പങ്കെടുക്കാറുള്ളത്. മുടങ്ങിപ്പോയ വിരുന്ന് 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.

2024-ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് നേരെ രണ്ടു തവണ വധശ്രമങ്ങൾ നടന്നിരുന്നു. 2024 ജൂലൈയിൽ, പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന ഒരു റാലിക്കിടെ അദ്ദേഹത്തിന്റെ കാതിൽ വെടിയേറ്റിരുന്നു. പിന്നീട് സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഗോൾഫ് ക്ലബ്ബിലും അദ്ദേഹത്തിന് നേരെ വധശ്രമം നടന്നു. ഈ സംഭവം നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടൽ തന്നെയാണ് 1981-ൽ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെയും വധശ്രമം നടന്നത്.