യുദ്ധക്കെടുതിക്കിടെ കുതിച്ചുകയറ്റം തുടങ്ങിയ എണ്ണവിലയെ പിടിച്ചുകെട്ടാനായി പ്രഖ്യാപിച്ച ഒരുമാസത്തെ ഉപരോധ ഇളവ് നീട്ടില്ലെന്ന് യുഎസ്. ഇറാന്റെയും റഷ്യയുടെയും എണ്ണയ്ക്ക് പ്രഖ്യാപിച്ച ഇളവാണ് നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞത്. മാർച്ച് 11ന് മുൻപ് കടലിൽ എണ്ണടാങ്കറുകളിൽ ഉണ്ടായിരുന്ന എണ്ണയ്ക്കായിരുന്നു ഒരുമാസത്തേക്ക് മാത്രം യുഎസ് ഉപരോധ ഇളവ് പ്രഖ്യാപിച്ചത്. ഇതു മുതലെടുത്ത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങിയിരുന്നു. 2019ന് ശേഷം ആദ്യമായായിരുന്നു ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങിയതും.
വാങ്ങുന്നവർക്കും ഉപരോധമെന്ന് ഭീഷണി ഉപരോധ ഇളവിന്റെ കാലം തീരുന്നുവെന്നും തുടർന്നും റഷ്യൻ, ഇറാനിയൻ എണ്ണ ഏതെങ്കിലും രാജ്യം വാങ്ങിയാൽ അവയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുമാസത്തെ ഇളവ് കിട്ടിയതോടെ, ഏകദേശം 140 മില്യൻ ബാരൽ ക്രൂഡ് ഓയിലാണ് ആഗോള വിപണിയിലെത്തിയത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിൽ നിന്നെത്തിയത് മിനിമം 2 സൂപ്പർ ടാങ്കറുകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 40 ലക്ഷം ബാരൽ ഇറാനിയൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. റഷ്യയിൽ നിന്ന് ഒരുമാസത്തിനിടെ 30 മില്യൻ ബാരലിലധികം എണ്ണയും ഇന്ത്യൻ കമ്പനികൾ വാങ്ങി. ഇന്ത്യ ഇനി വാങ്ങാനിടയില്ല യുഎസിന്റെ മുന്നറിയിപ്പ് ലംഘിച്ച് ഇറാന്റെയും റഷ്യയുടെയും എണ്ണ ഇന്ത്യ ഇനി വാങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പകരം യുഎസ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കും. 2019ൽ ഇറാനിയൻ എണ്ണയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തുംമുൻപ്, ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 11.5% വിഹിതം ഇറാനുണ്ടായിരുന്നു. 2019ന് ശേഷം ഇത് വെറും പൂജ്യമായി. ചർച്ച വിജയിച്ചാൽ വാങ്ങാം യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ വിജയിച്ചാൽ ഇറാനുമേലുള്ള ഉപരോധം നീക്കിയേക്കാം. ഇത് തുടർന്നും ഇറാനിയൻ എണ്ണ ഇറക്കുമതി ചെയ്യാൻ വഴിയൊരുക്കും. മാത്രമല്ല, പരമ്പരാഗത സ്രോതസ്സുകളായ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിയും. 1ൽ നിന്ന് 40 തൊട്ട റഷ്യ 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുംമുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനം പോലും പങ്ക് റഷ്യയ്ക്കുണ്ടായിരുന്നില്ല. യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ, വൻതോതിൽ ഡിസ്കൗണ്ട് നൽകി ഇന്ത്യയെയും ചൈനയെയും റഷ്യ ആകർഷിക്കുകയായിരുന്നു. ഇത് മുതലെടുത്ത് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി. പിന്നാലെ റഷ്യയുടെ വിഹിതം 40% വരെ ഉയരുകയും ചെയ്തിരുന്നു.
