കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ പേരുടെ മൊഴി എടുക്കാൻ പോലീസ്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും മൊഴിയെടുക്കും. അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്തിതീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.
അതേസമയം, കേസിൽ പ്രതികളായ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഒളിവിൽ തുടരുകയാണ്. പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഡോ. എം.കെ റാം, സംഗീത എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ആത്മഹത്യപ്രേരണം കുറ്റം ചുമത്തി. എസ്.സി, എസ്.ടി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസ്.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. നിതിൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും സഹപാഠികൾ വെളിപ്പെടുത്തി.
”ക്ലാസിൽ ബോഡി ഷെയിമിങ് ഉണ്ടായിട്ടുണ്ട്. പ്രതികാരം ചെയ്യുമോ എന്ന് ഭയന്നിട്ടാണ് പലരും പരാതി പറയാത്തത്. നിതിന്റെ പേപ്പർ എല്ലാവരുടെയം മുമ്പിൽ വെച്ച് ഓരോ കുട്ടികളുടെയും കൈയിൽ കൊടുത്ത് വായിപ്പിച്ച് ഉപദ്രവിച്ചിരുന്നു. നിറം കുറഞ്ഞ കുട്ടികളെ കറുത്തിട്ട്, നിറം കൂടിയ കുട്ടികളെ യു ലുക്ക് ലൈക്ക് സിൻഡ്രല്ല എന്നൊക്കെ പറയാറുണ്ട്.
റാം എന്ന സാർ ഉണ്ട്, സാർ പറയുന്നത് എന്താണോ അത് ചെയ്യുക, അല്ലെങ്കിൽ സാർ അറ്റൻഡൻസ് കളയും എന്നാണ് സീനിയേഴ്സ് പറഞ്ഞത്. അതാണ് എല്ലാവർക്കും പേടി, അറ്റൻഡൻസ് ഇല്ലെങ്കിൽ പരീക്ഷ പോലും എഴുതാൻ കഴിയില്ല. അത് പേടിച്ചിട്ടാണ് ക്ലാസിൽ പോകുന്നത്’, സാറല്ല, അതൊരു മൃഗമാണെന്നാണ് നിതിന്റെ വീട്ടിലെത്തിയ സഹപാഠികൾ മാധ്യമങ്ങളോട് പറഞ്ഞത്.
