ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. കൂടാതെ, കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല, ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു. കടലിടുക്ക് അടച്ചാൽ എണ്ണ വിലയിൽ വലിയ കുതിപ്പാകും സംഭവിക്കുന്നത്. ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഏകദേശം 20% എല്ലാ ദിവസവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എണ്ണ എത്തുന്നതും ഇതുവഴിയാണ്.
അതേസമയം, റിയാദിലെ യുഎസ് എംബസിക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എംബസിയില്‍ രണ്ട് ഡ്രോണുകൾ പതിച്ചതായി സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തുവെന്നാണ് വിവരം. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ നഗരമായ ഹൈഫയിൽ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയത്.
