ബെംഗളൂരു: എന്തെങ്കിലും സമ്മർദമുള്ളതായി റോയ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നില്ല, നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ കുടുംബം. അച്ഛൻ വലിയ മനുഷ്യൻ ആയിരുന്നുവെന്നും മരണം ഞെട്ടലുളവാക്കുന്നതായിരുന്നുവെന്നും റോയിയുടെ മകൻ രോഹിത് റോയ് പ്രതികരിച്ചു. എന്തെങ്കിലും സമ്മർമുള്ളതായി അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.

സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്.

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചിരുന്നു. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകിയിട്ടുണ്ട്.