ഗുരുവായൂർ: മണിക്കൂറുകൾ ക്യൂ നിന്നിട്ടും പുതുവർഷ പുലരിയില്‍ ദർശനം ലഭിക്കാഞ്ഞതിനാൽ ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം. ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ കാത്തുനിന്നവരാണ് ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. രാവിലെ ഏഴുമണിയോടെ കിഴക്കേ നടപ്പന്തലിലാണ് ഭക്തജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.
മണിക്കൂറുകളായി ദർശനത്തിനായി കാത്ത് നില്‍ക്കുന്നവരെ കടത്തിവിടാതെ സ്പെഷ്യല്‍ പാസുള്ള ആയിരക്കണക്കിന് പേരെ കടത്തി വിട്ടതാണ് പ്രതിഷേധത്തിന് കാരണം. തങ്ങളെ അകത്തേക്ക് കയറ്റിയതിന് ശേഷമേ സ്പെഷ്യല്‍ പാസ് പ്രവേശനം ആരംഭിക്കാനാകൂ എന്നതായിരുന്നു ആവശ്യം. നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത നടപ്പന്തലില്‍ ഒരുമിച്ചെത്തിയ ഭക്തർ നാമജപം നടത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായിരുന്നതിനാല്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ താരങ്ങളും പുതുവർഷ പുലരിയില്‍ ക്ഷേത്രദർശനത്തിനെത്തിയിരുന്നു.
