ജിദ്ദ ∙ സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴ് ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മെസഞ്ചര്‍, കരാര്‍ തൊഴിലാളി എന്നിവര്‍ക്കാണ് ഓവര്‍ടൈം ആനുകൂല്യം നിര്‍ത്തിവെക്കുന്നത്.

ഇവര്‍ക്ക് ഓവര്‍ടൈം ജോലി അനുവദിക്കുന്നതും വേതനം വിതരണം ചെയ്യുന്നതും നിര്‍ത്തിവെക്കാന്‍ ആശുപത്രികളുടെയും സ്‌പെഷലിസ്റ്റ് സെന്ററുകളുടെയും ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. അലവന്‍സുകളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും പുനഃസംഘടന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയാണ് തീരുമാനം. അടുത്ത മാസം മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.