കൊട്ടാരക്കര: നഴ്സിങ് വിദ്യാർഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തൻവീട്ടില്‍ മിനി(42)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു ദാരുണ സംഭവം. സേലത്ത് വിനായക കോളേജില്‍ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയായ ഏക മകള്‍ നിമിഷയെ യാത്രയാക്കാനാണ് മിനിയും ഭർത്താവ് ഷിബുവും എത്തിയത്.
മകളുടെ ഇരിപ്പിടത്തിനുസമീപം ബാഗും മറ്റുംവെച്ച് മിനി തിരിച്ചിറങ്ങിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്കു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
