ജറുസലം : ഗാസയിൽ 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 193 ആയി. ഇതിൽ 96 പേർ കുട്ടികളാണ്. ഗാസയിലെ 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫിസ് ഫോർ കോഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരുനേരം ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. കുട്ടികൾക്കിടയിലെ പട്ടിണിയുടെ നിരക്ക് കഴിഞ്ഞമാസം ഏറ്റവും ഉയർന്ന നിലയിലായെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ജൂലൈയിൽ മാത്രം 5 വയസ്സിൽ താഴെയുള്ള 12,000 കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം ആശുപത്രികളിലെത്തിയത്.
ജൂണിനും ജൂലൈയ്ക്കുമിടയിൽ പോഷകാഹാരക്കുറവു മൂലം മരണാസന്നരായ കുഞ്ഞുങ്ങളുടെ എണ്ണം ഇരട്ടിയായതിന്റെ കണക്ക് യുനിസെഫും പുറത്തുവിട്ടു. ഗാസ പിടിച്ചെടുക്കാനുള്ള ഒരുക്കവുമായി നെതന്യാഹു സർക്കാർ കൂടിയാലോചനകൾ മുന്നോട്ടുപോകവേ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായ വോട്ടെടുപ്പുകൾ തുടങ്ങി. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നു വോട്ടെടുപ്പിൽ ആവശ്യമുയർന്നു. അതിനിടെ, ഇസ്രയേൽ ദേശീയ വിമാനക്കമ്പനിയുടെ പാരിസ് ഓഫിസിനു മുന്നിൽ ചുവന്ന പെയിന്റടിച്ചു പ്രതിഷേധിച്ചു. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ എഴുതിവച്ചു.