പത്തനംതിട്ട : പൊളിച്ചു മാറ്റുകയോ അടിയന്തര അറ്റകുറ്റപ്പണി വേണ്ടതോ ആയ കെട്ടിടങ്ങളുടെ പട്ടികയിൽ ജില്ലയിൽ നിന്ന് 93 കെട്ടിടങ്ങൾ. 56 സ്കൂൾ കെട്ടിടങ്ങൾക്കും 37 ആശുപത്രി കെട്ടിടങ്ങൾക്കും ഫിറ്റ്നസില്ല. ഇതിൽ എല്ലാ കെട്ടിടങ്ങളും ഉപയോഗിക്കുന്നവയല്ലെന്നാണ് വിവരം. അടിയന്തരമായി പൊളിച്ചു നീക്കേണ്ട 17 സ്കൂൾ കെട്ടിടങ്ങളുണ്ട്. ഇവയിലൊന്നും ക്ലാസുകൾ നടക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ സംസ്ഥാനത്താകെ പൊളിക്കാനും പണിയാനുമായി 2000 കെട്ടിടങ്ങളുണ്ടെന്നാണ് കണക്കുകൾ. ദുരന്ത നിവാരണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഒരു തവണ കൂടി കണക്കെടുക്കാനാണ് ആലോചന. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്ന സമയത്ത് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ഉപാധികളോടെ താൽക്കാലിക ഫിറ്റ്നസ് നൽകുന്ന രീതി ചില സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
മേയ് മാസം ഫിറ്റ്നസ് ലഭിച്ച സ്കൂൾ കെട്ടിടം 2 മാസം കഴിഞ്ഞുള്ള പരിശോധനയിൽ ഫിറ്റല്ലാതായതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് അധികൃതർ. ആറന്മുള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കാര്യത്തിലാണ് ഫിറ്റ്നസ് പ്രശ്നമുണ്ടായത്. 1990ൽ നിർമിച്ച പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പല ഭാഗവും അപകടാവസ്ഥയിലാണ്. സീലിങ് അടർന്നു വീഴുന്ന പ്രശ്നം പല ഓഫിസുകളിലുമുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീവനക്കാർക്ക് ഹെൽമറ്റ് നൽകി പ്രതിഷേധം നടത്തിയിരുന്നു.
