ജുബൈല്‍: സഊദി അറേബ്യയില്‍ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 2.39നാണ് അനുഭവപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഭൂചലനത്തിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു.

ഉപരിതലത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.