ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസിനെ രക്ഷാപ്രവർത്തകർ സഹായിക്കുന്നു | Photo: PTI

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടി സംഘടിപ്പിച്ച സംഭവത്തിൽ കൊച്ചി ന​ഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിയുടെ സംഘാടകരായ മൃദം​ഗ വിഷൻ ലൈസൻസിന് വേണ്ടി ന​ഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വെച്ച് നടത്താത്ത പരിപാടിയാണെന്ന്‌ അറിയിച്ചതിനാൽ ലൈസൻസിന്റെ അപേക്ഷ നിരസിച്ചു. എന്നാല്‍ ഇക്കാര്യം ഉന്നത ഉദ്യോ​ഗസ്ഥരെ അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്.

കൊച്ചി ന​ഗരസഭയിലെ കലൂർ 16ാം ഡിവിഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിൽ പരിപാടിയെ സംബന്ധിച്ച് വ്യക്തമാക്കികൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വെച്ച് നടത്താത്ത പരിപാടിയാണെന്ന്‌ സംഘാടകർ അറിയിച്ചതിനാൽ ലൈസൻസിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. കൂടാതെ ഇത്തരമൊരു അപേക്ഷ ലഭിച്ചവിവരം കോർപ്പറേഷൻ സെക്രട്ടറിയെയോ റവന്യൂ വിഭാ​ഗത്തെയോ അറിയിക്കുകയും ചെയ്തില്ല. ഇക്കാരണം വ്യക്തമാക്കി കൊണ്ടാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിനെ സസ്പെൻഡ് ചെയ്തത്.

ഹെൽത്ത് ഇൻസ്പെക്ടർ ഇക്കാര്യം ന​ഗരസഭ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും അവർ സ്റ്റേഡിയത്തിൽ പോയി പരിശോധന നടത്തണമായിരുന്നുവെന്നും മേയർ വ്യക്തമാക്കിയിരുന്നു. അതേസമയം പരിപാടി നടക്കുന്നതിന്റെ തലേദിവസമാണ് സംഘാടകർ ലൈസൻസിന് വേണ്ടി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചത്. ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടി ആയതിനാൽ തന്നെ ഇക്കാര്യം അറിയിക്കേണ്ടിയിരുന്നത് റവന്യൂ വകുപ്പിനെയാണെന്നിരിക്കെയാണ് ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചത്.