പ്രതീകാത്മക ചിത്രം

പാലക്കാട് : വാളയാറിൽ മതിയായ രേഖകളില്ലാതെ കാറിൽ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്‌പ്രസിഡന്റ് പ്രസാദ് സി. നായർ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവർ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാർ ടോൾപ്ലാസയിൽ വാഹനപരിശോധനക്കിടെ കാറിൽ ഒരുകോടി രൂപ കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാർ. ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ. ജെയ്സൺ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. രേഖകൾ ഹാജരാക്കിയാൽ മാത്രമേ പണം വിട്ടുനൽകൂവെന്നും എൻഫോഴ്സ്‌മെന്റ് വിഭാഗം തുടർനടപടി സ്വീകരിച്ചുവരികയാണെന്നും വാളയാർ പോലീസ് പറഞ്ഞു.