രത്തൻ ടാറ്റ

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി പതിനൊന്നരയോടെയാണ് മരണം. തിങ്കളാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നവൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962 ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981 ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി.ടാറ്റയുടെ പിൻഗാമിയായി 1991 ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. മാതൃകമ്പനിയായ ടാറ്റ സൺസിലെ ഏതാണ്ട് 66 ശതമാനത്തോളം ഓഹരികൾ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനായി.

2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും ലഭിച്ചു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.

കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.

രത്തൻ എൻ. ടാറ്റ

നവൽ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നു ജനനം.

  1. വിദ്യാഭ്യാസം:
  • കാംപിയൻ സ്കൂൾ, മുംബൈ
  • കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ
  • യുഎസിലെ കോർണൽ സർവകലാശാലയിൽനിന്ന് ബിഎസ്‌സി ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം (1955–62)
  • ഹാർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം (1975)

2. ടാറ്റ ഗ്രൂപ്പിൽ

  • 1962: ടാറ്റ ഇൻഡസ്ട്രീസിൽ ചേർന്നു, പിന്നീട് ടാറ്റ മോട്ടോഴ്സിൽ
  • 1963: ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ (ടിസ്കോ), ജംഷഡ്പുർ
  • 1965: ടെക്നിക്കൽ ഓഫിസർ, ടിസ്കോ എൻജിനീയറിങ് ഡിവിഷൻ
  • 1969: ടാറ്റ ഗ്രൂപ്പ് റെസിഡന്റ് പ്രതിനിധി, ഓസ്ട്രേലിയ
  • 1970: ഇന്ത്യയിൽ തിരിച്ചെത്തി. ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) ചേർന്നു
  • 1971: ഡയറക്ടർ ഇൻ ചാർജ് നെൽകോ (നാഷനൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡ്)
  • 1974: ഡയറക്ടർ ബോർഡ് മെംബർ – ടാറ്റ സൺസ്
  • 1981: ചെയർമാൻ– ടാറ്റ ഇൻഡസ്ട്രീസ്
  • 1986–89: ചെയർമാൻ– എയർ ഇന്ത്യ
  • 1991: ചെയർമാൻ– ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ്സ്
  • 2000: പത്മഭൂഷൺ ലഭിച്ചു
  • 2008: പത്മവിഭൂഷൺ
  • 2012: ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു വിരമിച്ചു. ചെയർമാൻ ഇമെരിറ്റസായി നിയമനം
  • 2023: ഓർഡർ ഓഫ് ഓസ്ട്രേലിയ പദവി

3. ടാറ്റയുടെ തലപ്പത്ത് 21 വർഷം (1991–2012)

  • 10,000 കോടി ഡോളർ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ വളർത്തി. വരുമാനം 40 ഇരട്ടി വർധിച്ചു; ലാഭം 50 ഇരട്ടിയും.
  • ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു കുതിപ്പു കണ്ടെത്തി.
  • ബ്രിട്ടനിലെ ടെറ്റ്‌ലി ടീയെ 2000 ൽ ടാറ്റ ഏറ്റെടുത്തു. വിഎസ്‌എൻഎൽ ഏറ്റെടുക്കലിലൂടെ ടാറ്റ കമ്യൂണിക്കേഷൻസിനെ ആഗോളമാക്കി. ദക്ഷിണ കൊറിയയിലെ ദെയ്‌വൂ മോട്ടോഴ്‌സ് ഏറ്റെടുത്തു ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ജൈത്രയാത്ര ലാൻഡ്‌റോവറിനെയും ജഗ്വാറിനെയുംകൂടി ഇന്ത്യയിലെത്തിച്ചു.
  • രത്തൻ പടിയിറങ്ങുമ്പോഴേക്കും ടാറ്റ സ്‌റ്റീൽ ലോകത്തെ 10 വലിയ ഉരുക്കുനിർമാണ കമ്പനികളിലൊന്ന്. ടാറ്റ മോട്ടോഴ്‌സ് വാണിജ്യവാഹന വിപണിയിൽ ലോകത്തെ 5 കമ്പനികളിലൊന്ന്. ടാറ്റ ഗ്ലോബൽ ബവ്‌റിജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനി.
  • ടാറ്റ ഗ്രൂപ്പ് കമ്പനികളെ ചെയർമാൻ നേരിട്ടു നിയന്ത്രിച്ചു പ്രവർത്തനങ്ങളെ നവീകരിച്ചു. സാമൂഹികസേവനരംഗത്തെ ടാറ്റയുടെ പങ്കാളിത്തം ശക്തമാക്കി.
  • ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്‌ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങൾ.
  • രത്തൻ ടാറ്റയുടെ 65% ഓഹരികളുടെ നിക്ഷേപം ചാരിറ്റബിൾ ട്രസ്റ്റുകളിൽ.