Photo: x.com/circleofcricket
ബെംഗളൂരു : ദുലീപ് ട്രോഫി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍. ദുലീപ് ട്രോഫി മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന ധോനിയുടെ റെക്കോഡിനൊപ്പമാണ് ജുറെല്‍ ഇടംപിടിച്ചത്. ഇന്ത്യ ബിക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏഴു ക്യാച്ചുകളാണ് ജുറെല്‍ സ്വന്തമാക്കിയത്.
2004-05 ദുലീപ് ട്രോഫി മത്സരത്തില്‍ സെന്‍ട്രല്‍ സോണിനെതിരേ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്നതിനിടെയാണ് ധോനി ഏഴു ക്യാച്ചുകളുമായി ഈ റെക്കോഡ് സ്ഥാപിക്കുന്നത്. 1973-ലെ ദുലീപ് ട്രോഫി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരേ സെന്‍ട്രല്‍ സോണിന് വേണ്ടി കളിക്കുമ്പോള്‍ ആറ് ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും നേടിയ സുനില്‍ ബെഞ്ചമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു അന്ന് ധോനി തിരുത്തിയെഴുതിയത്.
മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കെ. റെഡ്ഡി, സായ് കിഷോര്‍, നവ്ദീപ് സൈനി എന്നിവരെയാണ് ജുറെല്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്.
