അറസ്റ്റിലായ ‘മോട്ടിവേഷണൽ സ്പീക്കർ’ മഹാവിഷ്ണു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ നിന്നുള്ള ദൃശ്യം | Photo: Screen Grab / X @YourNanban
ചെന്നൈ : സ്‌കൂളിലെ പരിപാടിക്കിടെ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച ‘മോട്ടിവേഷണല്‍ സ്പീക്കറെ’ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം. മഹാവിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. അന്ധവിശ്വാസ പ്രചരണത്തിനും അധ്യാപകനെ അപമാനിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ അശോക് നഗറിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിക്കിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസെടുക്കാനായാണ് മഹാവിഷ്ണു സ്‌കൂളിലെത്തിയത്. വിദ്യാര്‍ഥികളോട് സംസാരിക്കവെ ഇയാള്‍ അധിക്ഷേപകരമായതും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്. അന്ധത, സാമൂഹിക അസമത്വം തുടങ്ങിയ ‘അസമത്വങ്ങള്‍’ക്ക് കാരണം മുന്‍ ജന്മങ്ങളില്‍ ചെയ്ത പാപങ്ങളാണ് എന്നായിരുന്നു മഹാവിഷ്ണു പറഞ്ഞത്.
മഹാവിഷ്ണുവിന്റെ പരാമര്‍ശത്തെ സ്‌കൂളിലെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കര്‍ ഉടനടി ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ശങ്കര്‍ മഹാവിഷ്ണുവിനോട് ചോദിച്ചു. ശങ്കറിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. അദ്ദേഹമുയര്‍ത്തിയ എതിര്‍പ്പിനെ തള്ളിക്കളഞ്ഞ മഹാവിഷ്ണു, തന്നെ ചോദ്യം ചെയ്യാന്‍ ശങ്കറിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യം ഉടനടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വലിയ ജനരോഷമാണ് ഉയര്‍ന്നത്..
യു.എസ്സിലുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തില്‍ ഇടപെട്ടു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അദ്ദേഹം പ്രസ്താവന ഇറക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിപാടികള്‍ ശാസ്ത്രീയ ചിന്തകളും പുരോഗമനപരമായ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗതിയിലേക്കുള്ള ഏകമാര്‍ഗം ശാസ്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുപറഞ്ഞു.
ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സ്‌കൂളിലെ കുട്ടികളോടുള്ള മഹാവിഷ്ണുവിന്റെ ‘മോട്ടിവേഷണല്‍ സ്പീക്ക്’.
‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് മരിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? നിങ്ങളുടെ അടുത്ത ജന്മം വളരെ ക്രൂരമായിരിക്കും. എത്രയോ ആളുകളാണ് കൈയില്ലാതെയും കാലില്ലാതെയും കണ്ണില്ലാതെയും ജനിക്കുന്നത്. നിരവധി പേര്‍ വീടില്ലാതേയും രോഗങ്ങളോടെയും ജനിക്കുന്നു. ദൈവം കാരുണ്യവാനായിരുന്നുവെങ്കില്‍ എല്ലാവരേയും ഒരുപോലെ സൃഷ്ടിക്കണമായിരുന്നു. എന്തുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്യാതിരുന്നത്? കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളാണ് നിങ്ങളുടെ ഈ ജന്മത്തിന്റെ അടിസ്ഥാനം.’ -മഹാവിഷ്ണു പറഞ്ഞു.
മഹാവിഷ്ണുവിന്റെ അവകാശവാദങ്ങളെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കര്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിനെതിരെയും ഇതേ കാര്യങ്ങളാണ് മഹാവിഷ്ണു പറഞ്ഞത്. മുഴുവന്‍ ഭിന്നശേഷിക്കാരുടെ സമൂഹത്തേയുമാണ് മഹാവിഷ്ണു അധിക്ഷേപിച്ചതെന്ന് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ മതേതര സ്ഥാപനമാണ്. നിയമങ്ങള്‍ക്ക് വിരുദ്ധമായി അന്ധവിശ്വാസ പ്രചാരണമാണ് മഹാവിഷ്ണു സ്‌കൂളില്‍ നടത്തിയതെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. മഹാവിഷ്ണുവിനെതിരെ ശങ്കര്‍ പ്രതിഷേധിച്ചപ്പോള്‍ അനങ്ങാതിരുന്ന സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കെതിരെയും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
