പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാർട്ടിക്കുള്ളിൽ പരാതി. എരിയാസെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നൽകാൻ ധാരണയുണ്ടാക്കിയെന്നാണ് വിവരം. ഇതിൽ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങൾ കണ്ടെത്തിയത്.

ആരോഗ്യമേഖലയിലെ ഒരാൾക്ക് പി.എസ്.സി. അംഗത്വം നൽകാമെന്നായിരുന്നു വാഗ്‌ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനൽകുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തിൽ അന്വേഷണംവേണമെന്ന് റിയാസും പാർട്ടിയെ അറിയിച്ചതായാണ് വിവരം.

പി.എസ്.സി. അംഗങ്ങളെ സി.പി.എം. തീരുമാനിച്ചപ്പോൾ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതോടെ, ആയുഷ് വകുപ്പിൽ ഉയർന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നൽകിയയാളെ വിശ്വസിപ്പിച്ചുനിർത്തി. ഇതിലും തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കോഴ ഇടപാടിന്റെ വിവരങ്ങൾ ചോർന്നതും പാർട്ടിക്ക് പരാതിയായി ലഭിക്കുന്നതും.

നിയമനം വാഗ്ദാനംചെയ്യുന്നതും ഡീൽ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാർട്ടിക്ക് ലഭിച്ചെന്നാണ് സൂചന. ഇത്തരം തെളിവുകൾ നിലവിലുള്ളതിനാൽ പോലീസിൽ പരാതിപോയാൽ അത് പാർട്ടിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിന് കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതിനാൽ, ഒന്നുകിൽ ഈ ഇടപാടിനുപിന്നിൽ മറ്റു നേതാക്കളുടെ ആരുടെയെങ്കിലും സഹായം ഉണ്ടാകണം. അല്ലെങ്കിൽ, പണംതട്ടാൻവേണ്ടി മാത്രം കളവായ വാഗ്ദാനം നൽകിയതാകണം. ഏതാണുണ്ടായതെന്ന് പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടോയെന്ന കാര്യം വ്യക്തമല്ല.

പണം നൽകിയ വ്യക്തി സി.പി.എമ്മുമായി അടുപ്പമുള്ളയാളാണ്. അതിനാൽ, ഒരു കളവായ വാഗ്ദാനം നൽകി പണം തട്ടിയെടുക്കൽ എളുപ്പമാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഈ യോഗത്തിൽ പങ്കെടുക്കും. നിർണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.