മനു

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനു അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തല്‍. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് കെസിഎ ആസ്ഥാനത്തെ പീഡനത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കെസിഎയില്‍ നിന്ന് ഒരാളുപോലും വിവരം തിരക്കിയില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനു റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് റസിറ്റര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മൊഴികളിലൂടെ വെളിപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇരകളില്‍ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. കെസിഎയിലെ നെറ്റ്സ് പ്രാക്ടീസിനിടെ പരുക്കു പറ്റിയപ്പോഴും അതിക്രമം തുടര്‍ന്നു. മനുവിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചു.