പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായും പുറത്തുവരുമ്പോള്‍ കൗതുകമുണര്‍ത്തുന്ന ചില കണക്കുകളുമുണ്ട്. എതിരിലാത്ത തിരഞ്ഞെടുക്കപ്പെട്ടവര്‍ മുതല്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലും 10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലും ജയിച്ചുകയറിയവരുണ്ട്.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ച എംപിമാരില്‍ ആറ്റിങ്ങലില്‍ നിന്ന് ജയിച്ച അടൂര്‍ പ്രകാശ് രണ്ടാമനാണ്. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്ന് 48 വോട്ടുകള്‍ക്ക് വിജയിച്ച രവീന്ദ്ര ദത്തറാം വൈകാര്‍ ആണ് കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചവരുടെ പട്ടികയില്‍ ഒന്നാമത്. ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയെ ആണ് രവീന്ദ്ര ദത്തറാം പരാജയപ്പെടുത്തിയത്. പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വി.ബി.എയുടെ സ്ഥാനാര്‍ഥി പതിനായിരം വോട്ടും ബിഎസ്പി 4812 വോട്ടും ഈ മണ്ഡലത്തില്‍ പിടിച്ചിട്ടുണ്ട്. എട്ടോളം സ്വതന്ത്ര സ്ഥാനാര്‍ഥികളും മറ്റുനിരവധി ചെറിയ പാര്‍ട്ടികളും ഇവിടെ മത്സര രംഗത്തുണ്ടായിരുന്നു. ഭൂരിപക്ഷം സ്വതന്ത്രരും ആയിരം വോട്ടുകള്‍ക്ക് മുകളില്‍ നേടിയിട്ടുണ്ട്. നോട്ടയക്ക് 15161 വോട്ടുകളും ഈ മണ്ഡലത്തില്‍ ലഭിച്ചിട്ടുണ്ട്.

ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 684 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വി.ജോയിയെ പിന്നിലാക്കിയത്. 2019-ല്‍ 38247 വോട്ടുകള്‍ക്കാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പിടിച്ചെടുത്തത്. ഇത്തവണ പ്രകാശ് എന്ന പേരില്‍ രണ്ട് സ്വതന്ത്രര്‍ ആറ്റിങ്ങലില്‍ മത്സരത്തിനുണ്ടായിരുന്നു. പ്രകാശ് പി.എല്‍. എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് 1814 വോട്ടും പ്രകാശ് എസ് എന്ന സ്വതന്ത്രന് 811 വോട്ടുകളും പിടിക്കാനായിട്ടുണ്ട്. 9791 വോട്ടുകള്‍ ആറ്റിങ്ങലില്‍ നോട്ടയ്ക്ക് കിട്ടി.

ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ച ആദ്യ പത്ത് സ്ഥാനാര്‍ഥികളില്‍ അഞ്ചുപേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസിന്റെ മൂന്നും സമാജ് വാദി പാര്‍ട്ടിയുടെയും ശിവസേനയുടെയും ഓരോ സ്ഥാനാര്‍ഥികളും ഇതിലുള്‍പ്പെടുന്നു.

കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച 10 സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥിപാര്‍ട്ടിമണ്ഡലംഭൂരിപക്ഷം
രവീന്ദ്ര ദത്തറാം വൈകാര്‍ശിവസേനമുംബൈ നോര്‍ത്ത് വെസ്റ്റ്‌48
അടൂര്‍ പ്രകാശ്INCആറ്റിങ്ങല്‍684
രബീന്ദ്ര നാരായണ്‍ ബെഹറBJPജജ്പുര്‍1587
റാവു രാജേന്ദ്ര സിങ്BJPജയ്പുര്‍ റൂറല്‍1615
ഭോജ്‌രാജ് നാഗ്BJPകന്‍കേര്‍1884
മനീഷ് തിവാരിINCഛണ്ഡീഗഢ്‌2504
അജേന്ദ്ര സിംഗ് ലോധിSPഹമിര്‍പുര്‍2629
ഹംദുല്ല സയീദ്‌INCലക്ഷദ്വീപ്‌2647
മുകേഷ് രാജ്പുത്INCഫറൂഖാബാദ്2678
കമലേഷ് പാസ്വാൻBJPബൻസ്ഗാവ്3150

അതേസമയം പത്ത് ലക്ഷത്തിലധികം വോട്ടുകള്‍ നേടി വിജയിച്ച സ്ഥാനാര്‍ഥികളുമുണ്ട്. ഭൂരിപക്ഷത്തില്‍ മുന്നില്‍ ഒന്നാമത് അസമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. 1012476 വോട്ടുകള്‍ക്ക് സിറ്റിങ് എംപിയും എഐയുഡിഎഫ് നേതാവുമായ ബദറുദ്ദീന്‍ അജ്മലിനെ ധുബ്രിയില്‍ തോല്‍പ്പിച്ച കോണ്‍ഗ്രസിലെ റാകിബുല്‍ ഹുസൈനാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം. 1008077 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശങ്കര്‍ ലാല്‍വാനിയാണ് ഇവിടെ വിജയിച്ചത്. 2.1 ലക്ഷം വോട്ടുകള്‍ പിടിച്ച നോട്ടയാണ് ഇവിടെ രണ്ടാമത്. മറ്റു സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാതെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ഇവിടെ ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ ആദ്യ പത്ത് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഏഴുപേരും ബിജെപിയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് ജനവിധി തേടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും ഇതിലുള്‍പ്പെടുന്നു. 710930 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.