കോച്ച് പീറ്റർ ക്രാറ്റ്കിക്കിനെ എടുത്തുയർത്തി മുംബൈ താരങ്ങളുടെ ആഹ്ലാദം
പ്രതിരോധം ശക്തിപ്പെടുത്തി കളിക്കുന്ന അന്റോണിയോ ഹെബാസിന്റെ ഗെയിംപ്ലാനിനെയും സാൽട്ട് ലേക്കിൽ തിങ്ങിനിറഞ്ഞ മോഹൻബഗാൻ ആരാധകരെയും നേരിടാൻ മുംബൈ പരിശീലകൻ പീറ്റർ ക്രാറ്റ്കിക്കിന് ഒറ്റ തന്ത്രമേയുണ്ടായിരുന്നുള്ളൂ. നിരന്തരമായ ആക്രമണം. അതിനായി മുന്നേറ്റത്തിൽ നാൽവർസംഘത്തെ ചുമതലപ്പെടുത്തിയ ഗെയിംപ്ലാനാണ് മുംബൈ സിറ്റിയെ വിജയത്തിലെത്തിച്ചത്.
മുംബൈ സിറ്റി 4-3-3 ശൈലിയിലാണ് കളിച്ചത്. വലതുവിങ്ങിലെ ലാലിയൻസുവാല ചാങ്‌തേ അകത്തേക്ക് കയറിക്കളിച്ചപ്പോൾ സെൻട്രൽ സ്‌ട്രൈക്കർ യോർഗെ ഡയസ് താഴോട്ടിറങ്ങി കളിച്ചു. വിക്രം പ്രതാപ് സിങ് ഇടതുവിങ്ങിൽ കളിച്ചു. പലപ്പോഴും സ്ട്രൈക്കർ റോളിലേക്കുപോയ ചാങ്‌തേയുടെ നീക്കങ്ങൾ അപകടകരമായി. മധ്യനിരതാരം ജയേഷ് റാണ വലതുവിങ് കേന്ദ്രീകരിച്ച് കയറിക്കളിച്ചത് ചാങ്‌തേക്ക് സഹായമായി. മുന്നേറ്റത്തിൽ ഈ നാൽവർസംഘത്തെ ആക്രമണത്തിന് നിയോഗിച്ച മുംബൈ പരിശീലകൻ പീറ്റർ ക്രാറ്റ്കി ഗെയിംപ്ലാൻ വിജയം കണ്ടു. ബഗാന്റെ ബസ് പാർക്കിങ് പ്രതിരോധത്തെ പൊട്ടിക്കാൻ നാൽവർ സംഘത്തിന്റെ ആക്രമണമികവിന് കഴിഞ്ഞു. പ്രത്യേകിച്ചു ചാങ്‌തേയുടെയും വിക്രമിന്റെയും വേഗം ഗുണംചെയ്തു. വലതുവിങ് ബാക്ക് രാഹുൽ ഭെക്കെയെ കയറിക്കളിക്കാൻ അനുവദിച്ചശേഷം അപുയ- ആൽബർട്ടോ സഖ്യത്തെ പ്രതിരോധത്തിനുകൂടി ഉപയോഗപ്പെടുത്തി മധ്യനിരയിൽ കളിപ്പിച്ചു.
ആദ്യപകുതിയിൽ ഡിഫൻസീവ് നയമാണ് ബഗാൻ പുറത്തെടുത്തത്. എട്ട് ഔട്ട്ഫീൽഡ് കളിക്കാരെ സ്വന്തം ഹാഫിൽ പൊസിഷൻ സംരക്ഷിച്ച് കളിക്കാൻ നിയോഗിച്ചശേഷം ദിമിത്രി പെട്രാറ്റോസ്- ജേസൺ കമിൻസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ചു. 3-4-3 ശൈലിയിലാണ് ടീം ഇറങ്ങിയത്. ആദ്യ 45 മിനിറ്റിലെ കളിക്കാരുടെ ശരാശരി പൊസിഷൻ 3-5-2 ഫോർമേഷന്റെതായിരുന്നു. സ്വന്തം പകുതിയിൽ ഡയമണ്ട് ആകൃതിയിൽ കളിച്ച മധ്യനിരയുടെ പ്രധാന ലക്ഷ്യം എതിരാളികൾക്ക് സ്‌പെയ്‌സ് നിഷേധിക്കലായിരുന്നു. വിങ്ങുകളിൽ മൻവീർ സിങും ലിസ്റ്റൺ കൊളാസോയും പന്തുകിട്ടിയപ്പോൾ മാത്രമാണ് കയറിക്കളിച്ചത്. ആക്രമണത്തെക്കാൾ അവർക്ക് ഡിഫൻസീവ് ഡ്യൂട്ടിയായിരുന്നു പരിശീലകൻ അന്റോണിയോ ലോപ്പസ് ഹെബാസ് നൽകിയത്.
തുടക്കത്തിൽ മുന്നേറ്റനിരയിലായിരുന്നു സ്ഥാനമെങ്കിലും അനിരുദ്ധ് ഥാപ്പ ജോണി കൗക്കോക്കൊപ്പം അറ്റാക്കിങ് മിഡ്ഫീൽഡിലേക്ക് വന്നു. പെട്രാറ്റോസും കമിൻസും പൊസിഷൻ മാറിക്കളിക്കുകയും ചെയ്തു. രണ്ടാംപകുതിയിൽ ഗോൾവീണതോടെ ബഗാൻ ഗെയിംപ്ലാൻ മാറ്റി. കമിൻസ് ഏക സ്ട്രൈക്കർ റോളിലേക്ക് വന്നു. ഇടതുവിങ്ങിൽ ലിസ്റ്റൺ കൊളാസോയെ ആക്രമണത്തിന് നിയോഗിച്ചു. വലതുവിങ്ങിൽ മൻവീർ സിങ്ങും ആക്രമണമൂഡിലേക്ക് മാറി. ഥാപ്പയും പകരക്കാരൻ സഹൽ അബ്ദുസമദും പ്ലേമേക്കിങ് റോളിലേക്കെത്തി. മുംബൈ മുന്നേറ്റത്തിൽ നാൽവർസംഘത്തെ ആക്രമണത്തിൽ നിലനിർത്തിയ അപുയ, നൊഗുവേരഎന്നിവരെ ഇറക്കിക്കളിപ്പിച്ചു. മുംബൈ മധ്യഭാഗത്തുള്ള ഈ സ്‌പെയ്‌സ് ഉപയോഗപ്പെടുത്താൻ ബഗാൻ പെട്രാറ്റോസിനെ അൽപ്പം താഴോട്ടിറക്കിയുള്ള മാറ്റം വരുത്തി. അവസാനഘട്ടത്തിൽ മുന്നേറ്റത്തിൽ വരുത്തിയ അഴിച്ചുപണി മുംബൈക്ക് തുണയായി. പരിക്കേറ്റ ഡയസിന് പകരമെത്തിയ യാക്കുബും ജയേഷ് റാണയ്ക്ക് പകരമെത്തിയ വിനീത് റായിയും ആൽബർട്ടോ നെഗുവേരയ്ക്ക് പകരക്കാരനായ ബിപിൻസിങും നാൽവർ ആക്രമണമെന്ന ഗെയിംപാനിന് കരുത്ത് പകർന്നു. രണ്ടുഗോളുകൾ പകരക്കാരുടെ ബൂട്ടിൽനിന്നുവന്നു.
