രാഹുൽ ഗാന്ധിയും ആനിരാജയും വരണാധികാരിയായ വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു.
കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കൈയിലുള്ളത് 55,000 രൂപ. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി ഗുരുഗ്രാമില്‍ 5838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരിനിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്.
15 അപകീര്‍ത്തിക്കേസുകളടക്കം 18 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായുള്ളത്.സഹോദരി പ്രിയങ്കാഗാന്ധിക്കും പങ്കാളിത്തമുള്ള കൃഷിഭൂമികളും വാടകക്കെട്ടിടങ്ങളും അടക്കം 11,15,02,598 രൂപയുടെ ആസ്തി വേറെയുമുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമായി നാലേക്കറോളം കൃഷിഭൂമിയാണുള്ളത്. ഇരുവരുടെയും പേരില്‍ 2.1 കോടി വിലമതിക്കുന്ന ഫാം ഹൗസുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാഹുലിന്റെ ആകെ വരുമാനം 1.02 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 49.7 ലക്ഷം രൂപയുടെ ബാധ്യതയുള്ള രാഹുലിന് 4.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുണ്ടെന്നും പറയുന്നു.
ആനി രാജ
വയനാട്ടില്‍ രാഹുലിന്റെ എതിര്‍സ്ഥാനാര്‍ഥിയായ ആനിരാജയുടെ കൈവശം 10,000 രൂപമാത്രമാണുള്ളത്. ആകെ ആസ്തി 72 ലക്ഷം രൂപയാണ്.
അക്കൗണ്ടില്‍ 61,973 രൂപയുണ്ട്. അരപ്പവന്‍ സ്വര്‍ണവും കൈവശമുണ്ട്. കുടുംബസ്വത്തായി ലഭിച്ച 77 സെന്റ് ഭൂമി, 75 സെന്റ് ഭൂമി എന്നിവ ആറളത്തുണ്ട്. ഇതിനു പുറമേ ആറളത്തുതന്നെ പത്തുസെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. ആനിരാജയുടെ ഭര്‍ത്താവും സി.പി.ഐ. ജനറല്‍ സെക്രട്ടറിയുമായ ഡി. രാജയുടെ കൈവശം അയ്യായിരംരൂപയുണ്ട്.
അക്കൗണ്ടില്‍ 9,09,313 രൂപയുമുണ്ട്. മറ്റു വസ്തുവകകളൊന്നും ഇദ്ദേഹത്തിന്റെ വശമില്ല. മകള്‍ അപരാജിതയ്ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപമായി 72.38 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. രണ്ട് അക്കൗണ്ടുകളിലായി 1.79 ലക്ഷം രൂപയുണ്ട്. പക്ഷേ, കൈവശം 5000 രൂപമാത്രമേയുള്ളൂ. അഞ്ചുപവന്‍ സ്വര്‍ണവും ഒരു ആള്‍ട്ടോ കാറും അപരാജിതയുടെ കൈവശമുണ്ടെന്നും നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരങ്ങളില്‍ പറയുന്നു.
