PK Biju | Photo: Mathrubhumi/GireeshKumarCR
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍നിന്ന് പി.കെ. ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.
കരുവന്നൂര്‍ കേസില്‍ സിപിഎമ്മിലെ വിവിധ നേതാക്കള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ പി.കെ ബിജു ചോദ്യംചെയ്യലിന് ഹാജരായിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു പി.കെ ബിജു.
കേസില്‍ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്‍ ബിജുവിനെതിരേ മൊഴിനല്‍കിയിരുന്നു. മുഖ്യപ്രതി സതീഷ് കുമാര്‍ 2020-ല്‍ പി.കെ ബിജുവിന് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നെന്നായിരുന്നു ഈ മൊഴി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിലെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, കഴിഞ്ഞദിവസം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎ വര്‍ഗീസിനെ ഇ.ഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. ഹാജരാകാൻ തയ്യാറാകാതിരുന്ന അദ്ദേഹം, തിരഞ്ഞെടുപ്പിന് ശേഷം ഹാജാരാകാമെന്ന് ഇ.ഡിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇ.ഡി ഇത് അംഗീകരിച്ചില്ല. വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് മറ്റൊരു നോട്ടീസ് എം.എ വർഗീസിന് നല്‍കിയിട്ടുണ്ട്.
