പ്രതീകാത്മക ചിത്രം
മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യമുള്ള അപേക്ഷകള്‍ തേടിപ്പിടിച്ച് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് തടയിടാന്‍ അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമം നിര്‍ബന്ധമാക്കുന്നു. ആദ്യമെത്തിയ അപേക്ഷകള്‍ പരിഗണിച്ചശേഷമേ അടുത്തതിലേക്ക് നീങ്ങാന്‍ കഴിയൂ. സോഫ്റ്റ്വേറില്‍ മാറ്റംവരുത്താന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് (എന്‍.ഐ.സി.) നിര്‍ദേശംനല്‍കി.
അപേക്ഷകര്‍ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഫേസ്ലെസ് സംവിധാനത്തില്‍ ഉള്‍പ്പെടെ ഇടനിലക്കാര്‍ കടന്നുകയറിയ പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസന്‍സിനുള്ള സാരഥി സോഫ്റ്റ്വേറില്‍ അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമമുണ്ട്. ഇതേ രീതിയിലാണ് വാഹന്‍ സോഫ്റ്റ്വേറിലും മാറ്റംവരുത്തുന്നത്.
ഓണ്‍ലൈന്‍ സംവിധാനം ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതലെടുക്കുന്നത് തടയാന്‍ പരിശോധന തുടങ്ങി. ഓണ്‍ലൈന്‍ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് പ്രത്യേകം ജീവനക്കാരില്ലാത്തതാണ് വെല്ലുവിളി. പരാതി ഉയരുന്ന കേസുകളില്‍ മാത്രമാണ് അന്വേഷണംനടക്കുന്നത്. ഇടനിലക്കാരുമായി ബന്ധംപുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഇതാണ് മുതലെടുക്കുന്നത്.
സോഫ്റ്റ്‌വെയറിലും അട്ടിമറി
കൈക്കൂലിക്ക് വഴിയൊരുക്കാനുള്ള സൂത്രപ്പണികള്‍ സോഫ്റ്റ്‌വെയറിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ നല്‍കാന്‍ കഴിയുന്ന രേഖകള്‍പോലും മൂന്ന് തട്ടിലെ (ക്ലാര്‍ക്ക്, സൂപ്രണ്ട്, ജോ. ആര്‍.ടി.ഒ.) പരിശോധനയ്ക്കുശേഷമാണ് വിതരണംചെയ്യന്നത്. എതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കാതെ ഫയല്‍ പിടിച്ചുവെക്കുന്നതോടെ ഇടനിലക്കാര്‍ സമീപിക്കും.
പെര്‍മിറ്റ്, സി.എഫ്. എന്നിവയുടെ പകര്‍പ്പുകളും ഫീസ് അടച്ചാലുടന്‍ വിതരണംചെയ്യുന്നവിധത്തില്‍ ക്രമീകരിച്ചാല്‍ അഴിമതിക്കുള്ള സാധ്യതയും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. രേഖകള്‍ പരിശോധിച്ച് വിതരണംചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് പിന്നീട് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സോഫ്റ്റ്വേറില്‍നിന്ന് നല്‍കാനാകും. ഇതരസംസ്ഥാനങ്ങളിലെ സ്‌പെഷ്യല്‍ പെര്‍മിറ്റുകള്‍ ഓട്ടോ അപ്രൂവ് രീതിയിലാണ് നല്‍കുന്നത്. കോമ്പൗണ്ടിങ് ഫീസുകള്‍കൂടി പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയാല്‍ അഴിമതിക്കുള്ള സാധ്യത അടയും.
