Representative Image| Photo: Canva.com

മാര്‍ച്ച് 3 ലോക കേള്‍വി ദിനം

ശബ്ദമില്ലാത്ത നിങ്ങളുടെ ജീവിതം സങ്കല്പിച്ചു നോക്കൂ. പ്രിയപ്പെട്ടവരുടെ ചിരി, നിങ്ങളുടെ ഇഷ്ടഗാനത്തിന്റെ ഈണം, ആവേശത്തോടെ നാം നോക്കി നില്‍ക്കാറുള്ള കടലിരമ്പം തുടങ്ങി നമുക്ക് ചുറ്റുമുള്ള ലോകത്തെ, നാം പൂര്‍ണമായി അനുഭവിക്കുന്നത് അവയുടെ ശബ്ദം കൂടി ഉള്‍ച്ചേര്‍ന്നുള്ള അനുഭവം സാധ്യമാകുമ്പോള്‍ മാത്രമാണ്.

”കണ്ണില്ലാതെയാകുമ്പോഴേ കണ്ണിന്റെ വിലയറിയൂ” എന്ന് കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ കാത് കേള്‍ക്കാതാവുമ്പോള്‍ നാം അറിയും നമ്മുടെ ലോകം എത്ര മാറി മറിയുമെന്ന്. എങ്ങനെ പതിയെപ്പതിയെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് നാം മാറ്റപ്പെടുന്നുവെന്ന്.

വര്‍ധിച്ചുവരുന്ന കേള്‍വിക്കുറവ്

എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള വ്യക്തികളെ ബാധിക്കുന്നതാണ് കേള്‍വിക്കുറവ് എന്ന പ്രശ്‌നം. പ്രായവുമായി ബന്ധപ്പെട്ട് സ്വാഭാവികമായി സംഭവിക്കുന്ന കേള്‍വിക്കുറവാണ് (പ്രെസ്ബിക്യൂസിസ്) ഇതിലൊന്ന്. ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള നിരന്തര സമ്പര്‍ക്കം മൂലം സംഭവിക്കുന്നതാണ് മറ്റൊന്ന്. ഹെഡ്‌സെറ്റുകള്‍ ഉയര്‍ന്ന അളവ് ശബ്ദത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കുകയും ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായും അല്ലാതെയും നിരന്തരമായി കേള്‍ക്കുകയും ചെയ്യുന്നവര്‍ ചെവിയുടെ ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുന്നത് നല്ലതാണ്. ചെവിയിലെ അണുബാധ, ചെവിയിലെ മെഴുക് അടിഞ്ഞുകൂടല്‍, തുടങ്ങിയവയും മറ്റു ശാരീരികമായ അവസ്ഥകളും താല്‍ക്കാലികമായോ സ്ഥിരമായോ ഉള്ള കേള്‍വി നഷ്ടമാകാന്‍ കാരണമായേക്കാം.

കേള്‍വി നഷ്ടമാകുന്നത് എങ്ങനെ തിരിച്ചറിയാം?

സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, പ്രത്യേകിച്ച് ബഹളമയമായ അന്തരീക്ഷത്തില്‍ സംഭാഷണങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാതെ വരുക, ആളുകള്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അവരോട് ഇടയ്ക്കിടെ ആവശ്യപ്പെടുക, സംഗീതം കേള്‍ക്കാനും മറ്റും ടിവിയിലായാലും മൊബൈലിലായാലും ശബ്ദം വളരെ ഉയര്‍ത്തുക, ഉയര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, നിങ്ങളുടെ ചെവികള്‍ അടഞ്ഞുകിടക്കുന്നതായോ നിറഞ്ഞിരിക്കുന്നതായോ തോന്നുക, ചെവിയില്‍ മുഴങ്ങുകയോ (ടിന്നിടസ്) മൂളലോ അനുഭവപ്പെടുക തുടങ്ങിയവയൊക്കെ കേള്‍വി നഷ്ടമാകുന്നതിന്റെ സൂചനയായി കാണാവുന്നതാണ്. തക്കസമയത്ത് ചികിത്സ തേടുകയും ചെവിയുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയും ചെയ്താല്‍ നമ്മെ നാം ആക്കുന്ന ശബ്ദത്തിന്റെ ലോകത്തു തന്നെ നമുക്ക് തുടര്‍ന്നും ജീവിക്കാന്‍ സാധിച്ചേക്കാം.

നല്ല കേള്‍വി എങ്ങനെ ഉറപ്പുവരുത്താം?

നല്ല ശ്രവണ ആരോഗ്യം നിലനിര്‍ത്തുന്നതിലൂടെ നമ്മുടെ പ്രകടനം മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കും. പതിവ് ശ്രവണ പരിശോധനകള്‍ നടത്തുക, പ്രത്യേകിച്ച് നിങ്ങള്‍ക്കു പ്രായമാകുമ്പോള്‍, ഇത് കേള്‍വിക്കുറവ് നേരത്തെ കണ്ടെത്താന്‍ സഹായിക്കും. ഉച്ചത്തിലുള്ള ശബ്ദങ്ങളില്‍ നിന്ന് ചെവികളെ സംരക്ഷിക്കുക: ഉയര്‍ന്ന ശബ്ദമുള്ള അന്തരീക്ഷത്തില്‍ ഇയര്‍പ്ലഗുകളോ ശബ്ദം ഇല്ലാതാക്കുന്ന ഹെഡ്ഫോണുകളോ ധരിക്കുക. സമ്മര്‍ദ്ദം നിയന്ത്രിച്ച്, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക. കാരണം സമ്മര്‍ദ്ദവും ചില ജീവിതശൈലി ശീലങ്ങളും കേള്‍വിക്കുറവിന് കാരണമാകും. നിങ്ങള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക: ഒരു ഇഎന്‍ടി വിദഗ്ധന് നിങ്ങളുടെ കേള്‍വിക്കുറവിന്റെ കാരണം കണ്ടെത്താനും ഉചിതമായ ചികിത്സകള്‍ നിര്‍ദ്ദേശിക്കാനും കഴിയും.

ശ്രവണ നഷ്ടം- പരിഹാരങ്ങള്‍

കാര്യമായ കേള്‍വിക്കുറവുള്ള വ്യക്തികള്‍ക്ക്, ശ്രവണസഹായികളും കോക്ലിയര്‍ ഇംപ്ലാന്റുകളും പോലുള്ള നൂതന പരിഹാരങ്ങള്‍ അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും. സംഭാഷണങ്ങള്‍ കേള്‍ക്കാനും സമൂഹവുമായി സജീവമായി ഇടപെടാനും അവരെ സഹായിക്കുന്നു, അത് അവരുടെ സാമൂഹിക ബന്ധവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തുന്നു.

ഈ ലോക ശ്രവണ ദിനത്തില്‍, നമുക്ക് കേള്‍വിയുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്താം. കേള്‍വിയും കാഴ്ചയും സംസാരശേഷിയും പോലെ നമുക്ക് ജന്മനാ ലഭിച്ച പല കഴിവുകളെയും അവകാശമായി കിട്ടിയതായി കാണുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ അധികം പേരും അതിന്റെ വിലയറിയാന്‍ നഷ്ടപ്പെടും വരെ കാത്തിരിക്കുന്നു. അത്തരത്തില്‍ ഒരാളായി നാം മാറാതിരിക്കാന്‍, നമുക്ക് ചുറ്റുമുള്ളവര്‍ മാറാതിരിക്കാന്‍ നമുക്ക് ചെവിയുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാം. ശ്രവണ പരിശോധന നടത്താന്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിര്‍ബന്ധിക്കുക, പ്രോത്സാഹിപ്പിക്കുക, കേള്‍വി നഷ്ടപ്പെടുന്നതിന്റെ അപകട സാധ്യതയെക്കുറിച്ച് സ്വയം ബോധ്യങ്ങളുണ്ടാക്കുക, നമ്മുടെ ജീവിതത്തില്‍ ശബ്ദത്തിന്റെ സന്തോഷം ആഘോഷിക്കുക.

ഓര്‍ക്കുക, നിങ്ങളുടെ കേള്‍വി ഒരു വിലപ്പെട്ട സമ്മാനമാണ്. സജീവമായ നടപടികള്‍ കൈക്കൊള്ളുകയും ആവശ്യമുള്ളപ്പോള്‍ പ്രൊഫഷണല്‍ സഹായം തേടുകയും ചെയ്യുന്നതിലൂടെ, ലോകത്തെ അതിന്റെ എല്ലാ ശബ്ദ മഹത്വത്തിലും നിങ്ങള്‍ക്ക് തുടര്‍ന്നും അനുഭവിക്കാന്‍ കഴിയും.

തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിൽ ഇഎന്‍ടി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹാനിഷ് ഹനീഫ ആണ് ലേഖകൻ.