സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: FB@IndianCricketTeam

വിശാഖപട്ടണം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വമ്പൻ സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ യശസ്വി ജയ്സ്വാളും (257 പന്തിൽ 179), ആർ. അശ്വിനും (10 പന്തിൽ അഞ്ച്) പുറത്താകാതെ നിൽക്കുന്നു. രോഹിത് ശർമ (41 പന്തിൽ 14), ശുഭ്മൻ ഗിൽ (46 പന്തിൽ 34), ശ്രേയസ് അയ്യർ (59 പന്തിൽ 27), രജത് പട്ടീദാര്‍ (72 പന്തിൽ 32), അക്ഷർ‌ പട്ടേൽ (51 പന്തിൽ 27), കെ.എസ്. ഭരത് (23 പന്തിൽ 17) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തയത്.

സ്കോർ 40 ൽ നിൽക്കെ ഇന്ത്യയ്ക്ക് ക്യാപ്റ്റനെ നഷ്ടമായി. അരങ്ങേറ്റ മത്സരം കളിക്കുന്ന യുവ സ്പിന്നർ ശുഐബ് ബഷീറാണ് രോഹിത്തിനെ വീഴ്ത്തിയത്. പൊരുതിനിന്ന ശുഭ്മൻ ഗില്ലിനെ ജെയിംസ് ആൻ‍ഡേഴ്സൻ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈകളിലെത്തിച്ചു. പ്രതിരോധിച്ചു കളിച്ച ഇന്ത്യ പെട്ടെന്നുള്ള തകർച്ച ഒഴിവാക്കിയാണു മത്സരത്തിൽ മുന്നോട്ടുപോയത്.

ടോം ഹാർട്‍ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തായിരുന്നു ശ്രേയസ് അയ്യരുടെ മടക്കം. ആദ്യ മത്സരം കളിക്കുന്ന രജത് പട്ടീദാർ റെഹാൻ അഹമ്മദിന്റെ പന്തിൽ ബോൾഡായി. സ്കോർ 300 കടന്നതിനു പിന്നാലെ അക്ഷര്‍ പട്ടേലിനെ പുറത്താക്കി ശുഐബ് ബഷീർ രണ്ടാം വിക്കറ്റ് വീഴ്ത്തി. 91–ാം ഓവറിലായിരുന്നു ശ്രീകർ ഭരതിന്റെ മടക്കം. റെഹാൻ അഹമ്മദിന്റെ പന്തിൽ ശുഐബ് ബഷീർ‍ ക്യാച്ചെടുത്ത് ഭരതിനെ പുറത്താക്കി.

മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കുന്നത്. പരുക്കേറ്റ കെ.എൽ. രാഹുലിനും രവീന്ദ്ര ജഡേജക്കും പകരം രജത് പട്ടീദാറും കുൽദീപ് യാദവുമാണു ടീമിലുള്ളത്. മുഹമ്മദ് സിറാജും കളിക്കുന്നില്ല. പകരക്കാരനായി മുകേഷ് കുമാറിനെ ടീമിലെടുത്തു. മൂന്നാം മത്സരത്തിൽ സിറാജ് ടീമിനൊപ്പം ചേരും. അതേസമയം സർഫറാസ് ഖാനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മൻ ഗിൽ, രജത് പട്ടീദാർ, ശ്രേയസ് അയ്യർ, കെ.എസ്. ഭരത്, ആർ. അശ്വിൻ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക്ക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്‍ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൻ.