ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മില്‍ ഇല്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ശൈലജയുടെ പ്രതികരണം. തോല്‍വിയില്‍ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും വ്യക്തിപരമായ ഒന്നല്ലെന്നും അവർ പറഞ്ഞു.

തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതില്‍ കുഴപ്പമില്ലെന്ന എം വി ജയരാജന്റെ പ്രസ്താവനയില്‍ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതിനാല്‍ താൻ പ്രത്യേകിച്ച്‌ അഭിപ്രായം പറയേണ്ടതില്ലെന്ന് അവർ വ്യക്തമാക്കി. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്, അതിനുള്ള നടപടികള്‍ പാർട്ടി നേതൃത്വം കൈക്കൊള്ളുമെന്നും ശൈലജ വിവരിച്ചു. തിരുത്തല്‍ നടപടികള്‍ പാർട്ടി കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.