തിരുവനന്തപുരം: പതിനേഴുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം, ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും
വിധിച്ച് അതിവേഗ കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം.

വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന ബസ്സിൽവെച്ചാണ് പ്രതി പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. 2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി സ്കൂളിൽ പോയിരുന്ന ബസ്സിലെ കണ്ടക്ടറായ പ്രതി തിരക്കിനിടയിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ, മറ്റുയാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുടർന്നും ഇതേ ബസ്സിൽ തന്നെ യാത്രചെയ്യേണ്ടിവന്നു.

പ്രതിയെ സ്ഥിരമായി കാണുന്നത് കുട്ടിയെ കടുത്ത മാനസിക വിഷമത്തിലേക്കും വിഷാദത്തിലേക്കും നയിച്ചു. കുട്ടിയെ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.