വശ്യമായി വന്നാൽ ‘ഓപ്പറേഷൻ സിന്ദൂർ 2.0’-ന് സായുധ സേന പൂർണ്ണമായും തയ്യാറാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കര, നാവിക, വ്യോമ അതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന ആധുനിക മൾട്ടി ഡൊമെയ്ൻ യുദ്ധമുറകൾക്കായി മൂന്ന് സേനാവിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻ‌ഡി‌എ) 150-ാമത് കോഴ്‌സിന്റെ പാസിംഗ്-ഔട്ട് പരേഡിനോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ താൽക്കാലികമായി യുദ്ധവിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നതെങ്കിലും, അടുത്ത ഘട്ടം ആവശ്യമായി വരികയാണെങ്കിൽ അതിനെ നേരിടാൻ മൂന്നു സേനകളും തീവ്രമായ തയ്യാറെടുപ്പിലാണെന്ന് കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

2025 ഏപ്രിലിൽ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, പാക്കിസ്ഥാനിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനായി 2025 മേയിലാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കം ആരംഭിച്ചത്. “ഓപ്പറേഷൻ സിന്ദൂരിനെ സംബന്ധിച്ചിടത്തോളം, ഒന്നാമതായി, അത് ഇപ്പോഴും തുടരുകയാണ്. ശത്രുതയ്ക്ക് താൽക്കാലിക വിരാമമുണ്ട്. അതിനാൽ ഇന്ത്യൻ സൈന്യവും മൂന്നു സേനകളും ഓപ്പറേഷൻ സിന്ദൂർ 2.0 നടന്നാൽ അതിനായി നന്നായി തയ്യാറെടുക്കുകയാണ്,” അദ്ദേഹം പറഞ്ഞു.