ഹാന്റാ വൈറസ് സ്ഥിരീകരിച്ച കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാരും. കപ്പലിലെ 150 സഞ്ചാരികളില്‍ രണ്ട് പേര്‍ ഇന്ത്യക്കാരെന്ന് ടൂര്‍ കമ്പനിയായ ഓഷ്യന്‍ വൈഡ് എക്‌സ്‌പെഡിഷന്‍സ് അറിയിച്ചത്.
യാത്രക്കാരില്‍ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗംവന്ന് മരിച്ചിരുന്നു. നിലവില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ കപ്പലിലെ ഇന്ത്യക്കാരുടെ സാഹചര്യം എന്താണെന്ന് സംബന്ധിച്ച് നിലവില്‍ വിവരമില്ല.
അതേസമയം രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കൂടി കപ്പലില്‍ നിന്ന് മാറ്റി. ആദ്യ മരണം സംഭവിച്ച് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ക്ക് രോഗകാരണം കണ്ടെത്താനായത്. നിലവില്‍ യാത്രക്കാരോട് പരമാവധി സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ചു. അതേസമയം ഭയപ്പെടാനില്ലെന്നും വൈറസിന്റെ ആന്‍ഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
23 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ പേരും യുകെ, യുഎസ്, ജെര്‍മനി, സ്‌പെയിന്‍ എന്നിവടങ്ങളില്‍ നിന്നും ഉള്ളവരാണ്. ഇതിന് പുറമെ ക്രൂ അംഗങ്ങളായി യുക്രെയ്ന്‍, ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ഇന്ത്യ എന്നിവടങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്നതാണ് വിവരം.
എലികള്‍, മാന്‍ എന്നിവയുടെ വിസര്‍ജ്യം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരണമെങ്കില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മാത്രമേ സാധിക്കൂ.
