46,313 ടണ്‍ എല്‍പിജിയുമായി ഒരു ഇന്ത്യന്‍ കപ്പല്‍കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. ‘സര്‍വ് ശക്തി’ എന്ന കപ്പലാണ് ശനിയാഴ്ച ഹോര്‍മുസ് കടന്നത്. കപ്പല്‍ മേയ് 13ന് വിശാഖപട്ടണം തീരത്തെത്തും. ഹോര്‍മുസ് വഴിയുള്ള യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത്. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 നാവികരാണ് കപ്പലിലുള്ളത്. മാര്‍ച്ച് മൂന്നിന് യുഎഇയില്‍നിന്ന് പുറപ്പെട്ട കപ്പല്‍, യുദ്ധത്തെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള എല്‍പിജിയാണ് കപ്പലിലുള്ളതെന്നാണ് വിവരം.
അമേരിക്ക ഇറാനെതിരേ നടപടി കടുപ്പിച്ചതിനുശേഷം ഹോര്‍മുസ് കടക്കുന്ന കപ്പലെന്നതാണ് സര്‍വ് ശക്തിയുടെ പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കലുഷിതമായിരിക്കുന്ന വേളയില്‍, ഈ ചരക്കുനീക്കം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.
