കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കൂടാതെ, പോലീസ് നൽകിയിട്ടുള്ള കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാകും പോലീസ് ആവശ്യപ്പെടുക. നിലവിൽ രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്. അറസ്റ്റിലാകുമ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനാൽ രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നാകും പോലീസ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി.
ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണ്. സിനിമാ സെറ്റിലെ ആളുകളെ വിളിപ്പിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിൽ പലരും നിലവിൽ കേരളത്തിലില്ല എന്നാണ് വിവരം. ഇവരെ ഉടനെ കൊച്ചിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 19ന് സിനിമാസെറ്റിലെ കാരവാനിൽ വെച്ച് യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങി വരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അറസ്റ്റിലായ രഞ്ജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
