ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായാണ് ആലപ്പുഴ സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും മുങ്ങിയത്.

ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. 20 വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപന ന‌ടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാരെ പോലും അറിയിച്ചിരുന്നില്ല. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.