വിഷ്ണുജ, ഭർത്താവ് പ്രബിൻ

മഞ്ചേരി ∙ മലപ്പുറം എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ച സംഭവത്തിൽ ഭർത്താവ് പ്രബിനെയാണു കസ്റ്റഡിയിലെടുത്തത്. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിട്ടുള്ളത്. ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ 30നു വൈകിട്ട് 5.30ന് ആണു മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ബെഡ് റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യില്‍നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നൽകിയിരുന്നു. മരണത്തിൽ ദുരുഹതയുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ആണ് പ്രബിൻ. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്ണുജ. പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകളാണ്. ഇന്നലെ സ്വന്തം വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.