രോ​ഹിത് ശർമ്മ രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യം, രോ​ഹിത് ശർമ്മ

ഭോപ്പാല്‍ : പോലീസുകാര്‍ സ്പാ സെന്ററില്‍ മസാജില്‍ മുഴുകിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതി രക്ഷപെട്ടു. മധ്യപ്രദേശിലെ ഉജ്ജ്വയിന്‍ ജില്ലയിലാണ് സംഭവം. മദ്യക്കമ്പനി ജീവനക്കാരെ തോക്കിന്‍ മുനയില്‍നിര്‍ത്തി 18 ലക്ഷം കവര്‍ന്ന കേസിലെ പ്രതികളിലൊരാളായ രോഹിത് ശര്‍മ്മയാണ് ജയില്‍ ഗാര്‍ഡുകളെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. സ്പാ സെന്ററില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയില്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

2024 ഡിസംബര്‍ 25-ന് മധ്യപ്രദേശിലെ ഉജ്ജ്വയിന്‍ ജില്ലയിലെ നാഗദ പട്ടണത്തില്‍ നടന്ന കവര്‍ച്ചാക്കേസിലെ പ്രതിയാണ് രോഹിത് ശര്‍മ്മ. മദ്യക്കമ്പനിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ ജീവനക്കാരെ തോക്കുചൂണ്ടി 18 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായിരുന്ന രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി അഞ്ചിന് കസ്റ്റഡിയിലെടുത്ത ഇയാള്‍ സബ് ജയിലില്‍ വിചാരണ കാത്തുകഴിയുകയായിരുന്നു.

ഇതിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് രോഹിത് ശര്‍മയെ ജയിലിനുപുറത്തേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജയില്‍ ഗാര്‍ഡുമാരായ രാജേഷ് ശ്രീവാസ്തവയും നിതിന്‍ ദലോഡിയയും ഇയാളെ ചികിത്സയ്ക്കായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ജയിലില്‍ തിരിച്ചെത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍ വൈകുന്നേരം ആറ് മണിയായിട്ടും ശര്‍മ്മയെ തിരിച്ചെത്തിച്ചില്ല. പിന്നാലെ രോഹിത് ശര്‍മ്മ തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ ഗാര്‍ഡ് അധികൃതരെ അറിയിച്ചു.

എന്നാല്‍ രണ്ട് ജയില്‍ ഗാര്‍ഡുകളും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പരിശോധിച്ചു. 11 മണിയോടെ ആശുപത്രിയിലെത്തിയ ഇവര്‍ പന്ത്രണ്ടരയോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതായി വ്യക്തമായി. കൂടുതല്‍ അന്വേഷണത്തിലാണ് ഇവര്‍ സ്പാ സെന്ററില്‍ പോയകാര്യം വ്യക്തമായത്.

ശര്‍മ്മയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുപകരം ഗാര്‍ഡുകള്‍ ചേര്‍ന്ന് അയാളെ ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് കൊണ്ടുപോകുകായിരുന്നു. ഗാര്‍ഡുകള്‍ സ്പായില്‍ മസാജിങ്ങില്‍ മുഴികിയതോടെ ശര്‍മ രക്ഷപെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്പാ സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ശര്‍മ്മയും മസാജ് സൗകര്യം ഉപയോഗിച്ചത് വ്യക്തമാണ്. പ്രതി ടീ-ഷര്‍ട്ട് ഇടുന്നതിനിടയില്‍ തിടുക്കത്തില്‍ ഒരു മസാജ് മുറി വിട്ട് മറ്റൊരു വാതിലിലൂടെ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് ജയില്‍ ഗാര്‍ഡുകള്‍ക്കെതിരെയും രോഹിത് ശര്‍മ്മയ്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ രണ്ട് ജയില്‍ ഗാര്‍ഡുമാരെയും സസ്‌പെന്‍ഡ് ചെയ്തു. രക്ഷപ്പെടാന്‍ സഹായിച്ചതിന് അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ്മ ഒളിവിലായതിനാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.