പ്രതീകാത്മക ചിത്രം
ഷൊർണൂർ : കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളി ഷൊർണൂർ ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെത്തിയപ്പോൾ തീവണ്ടിയിൽനിന്ന് പുഴയിലേക്ക് ചാടി. കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം.
ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. പാലം അടുക്കാറായപ്പോൾ ശൗചാലയത്തിൽ പോകണമെന്നുപറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാർ അഴിച്ചുകൊടുത്തു. വാതിലിന് സമീപമായിരുന്നു അവരപ്പോൾ. പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസുകാരും ഉടനെ പുറകെചാടി പ്രതിയെ പിടികൂടുകയായിരുന്നു.
പാലത്തിന് മുകളിൽ തീവണ്ടിക്ക് വേഗം കുറവാണ്. ഇത് മനസ്സിലാക്കിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പുഴയിൽ വെള്ളം കുറവായതിനാൽ പ്രതിയെ പോലീസുകാർക്ക് പിടികൂടാനായി. വെള്ളത്തിൽവെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി. ഇയാളെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
