ഡോ.മൻമോഹൻ സിങ് | Photo: AFP

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇഴഞ്ഞുനീങ്ങിയ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിടുകയും സമ്പൂര്‍ണ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദഗ്ധനായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് 33 വര്‍ഷത്തെ സേവനത്തിനു ശേഷം രാജ്യസഭയില്‍ നിന്ന് ബുധനാഴ്ച പടിയിറങ്ങി.

അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലുള്ള 91-കാരനായ മുന്‍ പ്രധാനമന്ത്രിയുടെ സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള ഔദ്യോഗിക പടിയിറക്കം കൂടിയായി ഇതിനെ വിശേഷിപ്പിക്കാം. രാജ്യത്തെ ഇടത്തരക്കാര്‍ക്കും വലിയ അഭിലാഷങ്ങളുള്ള യുവജനങ്ങള്‍ക്കും എന്നും താരമായിരിക്കും ഡോ. മന്‍മോഹന്‍ സിങ്ങെന്ന് വിരമിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച അയച്ച കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ദിശാബോധം നല്‍കിയ സിങ്, എക്കാലത്തും പാവങ്ങളുടെ അഭ്യുദയകാംക്ഷികൂടി ആയിരുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും പോലും ഇല്ലാതെ വന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി നരസിംഹ റാവു 1991-ല്‍ ധനകാര്യ മന്ത്രിയാക്കുന്നത്. ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്.) നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തപ്പോള്‍, ധനകാര്യ മന്ത്രി എല്ലാവരെയും അമ്പരപ്പിച്ച തീരുമാനമെടുത്തു. കയറ്റുമതി സബ്‌സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടു. ഇത് പരസ്പരം മത്സരിക്കുന്ന തരത്തിലേക്ക് വ്യവസായ മേഖലയെ ഉണര്‍ത്തി.

‘ലോകം മുഴുവനും ഈ നയം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കട്ടെ. ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മള്‍ ജയിക്കും, മറികടക്കും’-തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് ആത്മവിശ്വാസം കൊണ്ടു. അതു വെറുതെയായില്ല. ദോഷൈക ദൃക്കുകളുടെ വിമര്‍ശനങ്ങളെ തള്ളി, ഇന്ത്യ പുതിയ മത്സരക്ഷമതയിലേക്ക് വന്നു.

ഇടക്കാലത്തുള്ള ദുര്‍ദശകള്‍ മറികടന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എ. 2004-ല്‍ അധികാരത്തിലെത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ബി.ജെ.പി. ഉയര്‍ത്തിയതും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ അകന്ന സിഖുകാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനവും ഡോ. സിങ്ങിന്റെ കഴിവും പ്രാഗത്ഭ്യവും എല്ലാം ഒത്തുവന്നപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായി. തുടര്‍ച്ചയായി 10 വര്‍ഷം. അഴിമതി ആരോപണങ്ങളടക്കം മന്ത്രിസഭയ്‌ക്കെതിരേ ഉയര്‍ന്നെങ്കിലും ആരും മന്‍മോഹന്‍ സിങ്ങിനെ അതിന് കുറ്റപ്പെടുത്തിയില്ല. അത്തരമൊരാരോപണം ഉന്നയിക്കാന്‍ പോലും വിമര്‍ശിക്കുമ്പോഴും ആര്‍ക്കും സാധ്യമാവുമായിരുന്നില്ല എന്നതാണ് സത്യം. ഇക്കാലയളവിലും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികള്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭ ആവിഷ്കരിച്ചു.

രാജ്യസഭാംഗമായിരിക്കെ ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്ട്രനിര്‍മ്മാണത്തിന് ഡോ. മന്‍മോഹന്‍ സിങ് നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ സാമ്പത്തിക വിവേകത്തിനും വൈദഗ്ധ്യത്തിനും അപ്പുറമാണ്. വ്യക്തിപരമായ പെരുമാറ്റത്തിലെ മര്യാദയും ഔന്നത്യവും രാഷ്ട്രീക്കാരനെന്ന നിലയിലുള്ള ഇന്നത്തെ കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന അന്തസ്സുമൊക്കെ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ അസാന്നിധ്യത്തിലൂടെ ഉപരിസഭയ്ക്ക് നഷ്ടമാവും. മന്‍മോഹന്‍സിങ് തുടങ്ങിവെച്ച മാറ്റത്തിന്റെ ഗുണഫലങ്ങള്‍ പിന്‍ഗാമികള്‍ ആര് കൊയ്‌തെടുത്താലും ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ സുവര്‍ണ ലിപികളിലുണ്ടാവും. രണ്ടാം യു.പി.എ. കാലത്ത് വിമര്‍ശനമുന്നയിച്ച മാധ്യമങ്ങള്‍ക്കും കാലം തിരിച്ചെഴുതേണ്ടിവരുമെന്നുറപ്പ്.