ആൽവിനെ ഇടിച്ച കാർ, ഇൻസൈറ്റിൽ പ്രതി സാബിത്ത്
കോഴിക്കോട് : പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവഛായാഗ്രാഹകൻ ആൽവിനെ ഇടിച്ചുതെറിപ്പിച്ച ആഡംബരക്കാറിന് ഇൻഷുറൻസില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തി. കോഴിക്കോട് ആർ.ടി.ഒ. പി.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പരിശോധിച്ചത്. തെലങ്കാന രജിസ്ട്രേഷനുള്ള വാഹനം അവിടെനിന്ന് കൊണ്ടുവന്നെങ്കിലും ഇൻഷുറൻസ് മറ്റൊരാളുടെ പേരിലായതിനാൽ നിയമസാധുതയില്ല.
ഇതിനാലാണ് ആൽവിനെ ഇടിച്ചത് മറ്റൊരുകാറാണെന്ന മൊഴിനൽകിയത്. ആൽവിൻ ചിത്രീകരണത്തിനുപയോഗിച്ച മൊബൈലിലെ ദൃശ്യമായിരുന്നു മുഖ്യതെളിവ്. അപകടദിവസം ഹാജരാക്കാതിരുന്ന ഫോൺ പ്രതിയുടെ ബന്ധു ബുധനാഴ്ച രാവിലെ ഹാജരാക്കി.
കാറിടിച്ച് പന്ത്രണ്ടടിയിലേറെ ഉയരത്തിലേക്ക് തെറിച്ച് റോഡിലേക്കുവീണ ആൽവിന്റെ മരണത്തിനിടയാക്കിയത് വാരിയെല്ലിനും നട്ടെല്ലിനുമേറ്റ പരിക്കുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒപ്പം, തലച്ചോർ കലങ്ങിയനിലയിലായിരുന്നെന്നും റിപ്പോർട്ടിലുണ്ടെന്ന് വെള്ളയിൽ സി.ഐ. ബൈജു കെ. ജോസ് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.
കാർ ഡീറ്റെയ്‌ലിങ് സ്ഥാപനയുടമ അറസ്റ്റിൽ
കോഴിക്കോട് : അത്യാഡംബര കാറുകളുപയോഗിച്ചുള്ള പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ ഛായാഗ്രാഹകനും പ്രമോഷനൽ വീഡിയോ നിർമാതാവുമായ വടകര കടമേരി തച്ചിലേരി താഴെകുനിവീട്ടിൽ ടി.കെ. ആൽവിൻ (20) മരിച്ച കേസിൽ കാറോടിച്ച കാർ ഡീറ്റെയ്‌ലിങ് സ്ഥാപനയുടമ അറസ്റ്റിൽ. തൊണ്ടയാട് ബൈപ്പാസിലെ ട്രിപ്പിൾ നയൺ ഓട്ടോമോട്ടീവ് പാർട്ണർ മഞ്ചേരി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാൻ കല്ലിങ്ങലിനെ (28)യാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷനു മുന്നിലെ സീബ്രാലൈനിലാണ് അപകടം. തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനം സാബിത്തും ഒപ്പമുണ്ടായിരുന്ന കേരള രജിസ്ട്രേഷൻ കാർ സാബിത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ തലക്കുളത്തൂർ സ്വദേശി മുഹമ്മദ് റൈസുമായിരുന്നു ഓടിച്ചിരുന്നത്.
തെലങ്കാന രജിസ്ട്രേഷൻ കാർ, കേരള രജിസ്ട്രേഷൻ വാഹനത്തെ പെട്ടെന്ന് മറികടന്നെത്തി ആൽവിനെ ഇടിക്കുകയായിരുന്നെന്ന് വെള്ളയിൽ സി.ഐ. ബൈജു കെ. ജോസ് പറഞ്ഞു. രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തു. രണ്ടാം കാറോടിച്ച മുഹമ്മദ് റൈസിന് നോട്ടീസ് നൽകി.
അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ രണ്ടാം കാറിന്റെ വിവരമാണ് ആദ്യം സാബിത്ത് റഹ്മാനും മറ്റും പോലീസിന് നൽകിയിരുന്നത്. അതുകൊണ്ട് എഫ്.ഐ.ആറിൽ തെലങ്കാന വണ്ടിയുടെ നമ്പറല്ല ഉള്ളത്. ഇത് കോടതിയെ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു.
