തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അദാനിയുടെ വക്താവായി മാറുന്നതില്‍ നിന്നും അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. പൊതുതാല്പര്യത്തിനും ദേശീയ താൽപര്യത്തിനും വേണ്ടി സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികള്‍ക്കും താന്‍ കത്തയച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം നടത്താത്തത് കൊണ്ടാണ് താന്‍ കത്തയച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

‘ഓഹരിക്കെെമാറ്റത്തിൽ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. സെബിയെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ രക്ഷിക്കാന്‍ വഴിവിട്ട സഹായം നല്‍കുമോ?.അതാണ് ഇനി അറിയാനുള്ളത്. സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അനുമതിക്കായി ഒരു അപേക്ഷയും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പല തലത്തില്‍ ഇത് പരിശോധിക്കേണ്ട കാര്യമാണ് ധനവകുപ്പും നിയമ വകുപ്പും തുറമുഖ വകുപ്പും കാണേണ്ട കാര്യങ്ങളുണ്ട്. ഇവിടെ ആ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഒരാള്‍ തന്നെയാണ്. ഗുരുതരമായ കരാര്‍ ലംഘനമുണ്ടായിട്ടും നിയമോപദേശം തേടുമെന്നോ നിയമ നടപടി സ്വീകരിക്കുമെന്നോ മുഖ്യമന്ത്രി പറയുന്നില്ല’, പിണറായി വിജയൻ പറഞ്ഞു.