ജെബിൻ പോൾ
തിരുവല്ല: കെഎസ്ആർടിസി ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുന്നന്താനം ആഞ്ഞിലിത്താനം മാമനേത്തു വീട്ടിൽ ജെബിൻ പോളാണ് ( 34 ) അറസ്റ്റിലായത്. ഞായർ രാത്രി പത്തരയോടെയാണ് സംഭവം. ഡിപ്പോയിലെ ജീവനക്കാർ അയാളെ തടഞ്ഞുവച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബസ് മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതിനു കേസ് റജിസ്റ്റർ ചെയ്തു. സ്റ്റേഷൻ മാസ്റ്റർ പി.കെ.സുരേഷിന്റെ മൊഴിപ്രകാരമാണു കേസ് റജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. യുവാവ് കുറ്റം സമ്മതിച്ചു, കീഴ്‌വായ്‌പൂര് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസുകളിൽ കോടതിയിൽ വിചാരണ നടന്നുവരികയാണ്.
