കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നല്‍കാമെന്ന് കോൺഗ്രസ് ഉറപ്പു തന്നിരുന്നുവെന്നും, തന്നോട് നീതി കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി വർഗീസ്. കൊച്ചി മേയർ സ്ഥാനം തനിക്ക് നല്‍കാതെ പോയപ്പോള്‍ നിയമസഭയില്‍ സ്ഥാനാർത്ഥിയാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥാനാർത്ഥിപ്പട്ടികയായിരിക്കും കോണ്‍ഗ്രസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു എന്നും അവർ പ്രതികരിച്ചു.
അതേസമയം ഏതെങ്കിലും സീറ്റ് വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി കൂട്ടിച്ചേർത്തു. തൃക്കാക്കരയാണ് തന്റെ മണ്ഡലം. എന്നാല്‍ തൃക്കാക്കരയില്‍ പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസാണ് നിലവില്‍ എംഎല്‍എ. ഉമാ തോമസ് തന്നെ വീണ്ടും മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും ദീപ്തി പറഞ്ഞു.
