അഹമ്മദാബാദ് : ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യ പന്ത് എറിയുന്നതിനു മുൻപു തന്നെ ആരാധകർ ഒന്നു നെറ്റിചുളിച്ചിരുന്നു. ടോസ് സമയത്ത് ഇന്ത്യയുടെ ടീം ഷീറ്റാണ് ആരാധകരെ അമ്പരപ്പിച്ചത്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്താൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. തന്റെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടു മത്സരങ്ങളിലാണ് അക്ഷർ പട്ടേലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ സാധിക്കാതിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയുംം ‘ധീരമായ’ ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
മത്സരം ശേഷം ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷാട്ടെ ഈ തീരുമാനം വിശദീകരിക്കുകയും ചെയ്തു. ‘‘ഇലവനെക്കുറിച്ച് ആലോചിക്കാൻ ഞങ്ങൾ വളരെയധികം സമയം ചെലവഴിച്ചു. ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിൽ നിന്നുള്ള ഭീഷണി നേരിടാൻ പവർപ്ലേയിൽ ഇംപാക്ട് സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബോളറെയായിരുന്നു ആവശ്യം വാഷിങ്ടൻ അതിന് അനുയോജ്യനായിരുന്നു.’’– തോൽവിക്ക് ശേഷം റയാൻ ടെൻ ദോഷാട്ടെ പറഞ്ഞു. എട്ടാമത്തെ ബാറ്ററായി റിങ്കുവിനെ ആവശ്യമായിരുന്നെന്നും ആരെങ്കിലും ഒരാൾ വിട്ടുവീഴ്ച ചെയ്യാതെ 15 പേരിൽനിന്ന് 11 പേരെ തിരഞ്ഞെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
