കൊല്ലം: ചവറ തെക്കുംഭാഗത്തെ ബെവ്കോ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ. തേവലക്കര സ്വദേശിയായ ശരത്തിനെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആകെ 40 കുപ്പികളാണ് ഇയാള്‍ ഇവിടെ നിന്ന് കടത്തിയത്.

ഉപഭോക്താക്കള്‍ക്ക് സ്വയം മദ്യം തിരഞ്ഞെടുക്കാൻ സൗകര്യമുള്ള പ്രീമിയം ഷോപ്പിലെ സംവിധാനമാണ് ശരത്ത് മുതലെടുത്തത്. മദ്യക്കുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുന്നതായിരുന്നു ഇയാളുടെ രീതി.

ദിവസേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശരത്തിന്റെ ‘കൈവിരുന്ന്’ പുറത്തായത്. തുടർന്ന് ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.