കാസർകോട് പോലുള്ള അതിർത്തി ജില്ലകളിലെ കന്നഡ മാധ്യമ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമാണെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കാസർകോട് ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിലെ കന്നഡ മാധ്യമ സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഈ വിഷയം ഗൗരവമായി ഉന്നയിച്ചത്. സഹകരണ ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ കത്തെഴുതുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

നിർദ്ദിഷ്ട മലയാളം ഭാഷാ ബിൽ കാസർകോട് പോലുള്ള അതിർത്തി ജില്ലകളിലെ കന്നഡ മീഡിയം സ്കൂളുകളിൽ പോലും മലയാളം നിർബന്ധമാക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞു. ഇന്ത്യയുടെ ശക്തി വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലാണ്. കാസർകോട് പോലുള്ള പ്രദേശങ്ങളിൽ മലയാളം, കന്നഡ, തുളു, ബ്യാരി തുടങ്ങിയ ഭാഷകൾ തലമുറകളായി ഒത്തൊരുമയോടെയാണ് നിലനിൽക്കുന്നത്. ഒരു പ്രത്യേക ഭാഷ മാത്രം അടിച്ചേൽപ്പിക്കുന്നത് കുട്ടികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വലിയ ഭാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാപരമായ അവകാശങ്ങൾ

ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ തനിമയും സംസ്കാരവും സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് സിദ്ധരാമയ്യ കത്തിൽ വിശദീകരിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവ പ്രകാരം ഭാഷാപരമായ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഭാഷ സംരക്ഷിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുമുള്ള അവകാശമുണ്ട്. കൂടാതെ ആർട്ടിക്കിൾ 350A പ്രകാരം മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാനുള്ള സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ഏതൊരു നിയമനിർമ്മാണവും ഭരണഘടനാപരമായ ഈ ധാർമ്മികതയെ ഉൾക്കൊള്ളുന്നതാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കർണാടകയുടെ നിലപാടും പ്രതിഷേധവും

കന്നഡ ഭാഷയുടെ മഹത്വത്തിൽ അഭിമാനിക്കുമ്പോൾ തന്നെ, ഒരു ഭാഷയുടെ വളർച്ച മറ്റൊരു ഭാഷയുടെ മേലുള്ള കടന്നുകയറ്റമാകരുത് എന്നതാണ് കർണാടകയുടെ നയമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാസർകോട് അതിർത്തി മേഖലയിലെ ഭൂരിഭാഗം ജനങ്ങളും കന്നഡ ഭാഷയെയും വിദ്യാഭ്യാസത്തെയുമാണ് ആശ്രയിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ ബഹുമാനിക്കുന്നത് മലയാളത്തിന്റെ പ്രാധാന്യം കുറയ്ക്കില്ലെന്നും മറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഷാ ന്യൂനപക്ഷങ്ങളുമായും അയൽസംസ്ഥാനങ്ങളുമായും ചർച്ചകൾ നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു നിയമനിർമ്മാണവുമായി മുന്നോട്ട് പോകാവൂ എന്ന് അദ്ദേഹം കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ ബിൽ പാസാക്കുകയാണെങ്കിൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ ഭരണഘടനാപരമായ വഴികളിലൂടെയും കർണാടക ഇതിനെ എതിർക്കുമെന്നും സിദ്ധരാമയ്യ കത്തിൽ മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെയും ജനാധിപത്യ മൂല്യങ്ങളിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.