കാൺപുർ:യുപിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. എസ്‌ഐയും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് അതിക്രമം നടത്തിയത്. എസ്‌ഐ അങ്കിത് മൗര്യ ഒളിവിലാണ്. കൂട്ടാളിയായ ശിവ് യാദവ് അറസ്റ്റിലായി.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കാൺപുരിലെ വീട്ടിൽ നിന്ന് പെൺകുട്ടി പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം. സ്‌കോർപ്പിയോ വാഹനത്തിൽ വന്ന പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ കാറിനുള്ളിൽ വെച്ച് തന്നെ ഇവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പതിനാലുകാരിയെ വീട്ടുമുറ്റത്തുതന്നെ പ്രതികൾ കൊണ്ടുവന്നിറക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ ഇവർ തിരികെയെത്തിക്കുന്നത്. പരിക്കേറ്റ പെൺകുട്ടിയെ സഹോദരനാണ് ആദ്യം കാണുന്നത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയും പരാതി നൽകുകയുമായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകനും സുഹൃത്തുക്കളാണെന്നാണ് വിവരം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്‌കോർപ്പിയോ പ്രതികളിലൊരാളായ എസ്‌ഐയുടെതാണ്. വാഹനം കണ്ടെടുത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കുകയാണ് കാൺപുർ പോലീസ്.