കൊച്ചി : കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നടന്നത് വൻ ആസൂത്രണം. പണവുമായി കടന്ന സംഘം കൊച്ചിയിൽ വച്ചു തന്നെ പണം പലതായി വീതം വച്ച് പലവഴി സംഘങ്ങളായി പിരിയുകയായിരുന്നു എന്നാണ് വിവരം. കേസിലെ രണ്ടാം പ്രതിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തപ്പോൾ ഇതിൽ 20 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ അഭിഭാഷകൻ ഉൾപ്പെടെയുള്ള 3 പേരാണ് കേസില്‍ ഗൂഡാലോചന നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, തോക്കു ചൂണ്ടിയ മുഖംമൂടി ധാരികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവർ സംസ്ഥാനം വിട്ടുവെന്നും സംശയമുണ്ട്.

നിലവിൽ കേസുമായി ബന്ധപ്പെട്ട് 7 പേരാണ് അറസ്റ്റിലായിട്ടുള്ളത്. നോട്ട് ഇരട്ടിപ്പ് ഇടപാടിന്റെ ഇടനിലക്കാരനെന്ന വ്യാജേന എത്തി പണം സ്ഥലത്തുണ്ട് എന്നു സ്ഥിരീകരിച്ച ശേഷം കൂട്ടാളികൾക്ക് വിവരം നൽകിയ തൃപ്പൂണിത്തുറ നടമ സ്വദേശി ജോജിയാണ് ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. ജോജിക്കൊപ്പം ഇടനിലക്കാരനായി എത്തിയ തൃശൂർ നാട്ടിക ബീച്ച്‌ പുളിക്കൽ പി.വി.വിഷ്ണു (30) ആണ് രണ്ടാം പ്രതി. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട നാട്ടിക പുളിക്കൽ വീട്ടിൽ രാഹുൽ, ജെസൽ, ജിജോ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരാണ് മൂന്നു മുതൽ 5 വരെയുള്ള പ്രതികൾ.