മൂന്ന് മാസമായി ഇവർ ഇന്ത്യയിൽത്തന്നെ ഒളിവിൽ കഴിയുകയായിരുന്നു

ന്യൂ ഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത് അവരുടെ പാകിസ്‌താനിലേക്കുള്ള വഴികളടച്ചെന്ന് റിപ്പോർട്ട്. പാകിസ്‌താനിലേക്ക് കടന്നാൽ പിന്നീടവരെ തിരികെ ലഭിച്ചേക്കില്ലെന്ന് മനസ്സിലാക്കിയ സൈന്യം ഭീകരർ ഉപയോഗിച്ചേക്കാവുന്ന എല്ലാ വഴികളും അടയ്ക്കുകയായിരുന്നു. ഇതിനായി ആദ്യം കണ്ടെത്തിയ എട്ട് കിലോമീറ്റർ പാതയിൽ സൈന്യം നിലയുറപ്പിച്ചു. പിന്നീട് ഭീകരർ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന തുരങ്കങ്ങൾ കണ്ടെത്തി അവ അടയ്ക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. തുരങ്കങ്ങളിൽ വെള്ളം കയറാൻ പാകത്തിൽ കൂടൂതൽ ആഴത്തിൽ കുഴിച്ചു. ഇതോടെ മാർഗങ്ങൾ അടഞ്ഞ ഭീകരർക്ക് പാകിസ്‌താനിലേക്ക് കടക്കാൻ സാധിച്ചില്ല.

മൂന്ന് മാസമായി ഭീകരർ ഇന്ത്യയിൽത്തന്നെ ഒളിവിൽ കഴിയുകയായിരുന്നു. പഹൽഗാം ആക്രമണം നടന്നയുടൻ തന്നെ സൈന്യം ഈ തന്ത്രമാണ് സ്വീകരിച്ചത്. ഭീകരർ പാകിസ്‌താനിലേക്ക് കടക്കാനിടവരരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൈന്യത്തിന് കർശന നിർദേശം നൽകിയിരുന്നു.

സൈന്യത്തിന് പഹൽഗാം ഭീകരരെ തിരിച്ചറിയാൻ സഹായിച്ചത് ആയുധങ്ങളെ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളും, പരിശോധനയ്ക്കയച്ച കൊല്ലപ്പെട്ട ഭീകരരുടെ തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളും ഒന്നാണെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതാണ് ഭീകരരെ തിരിച്ചറിയുന്ന പ്രക്രിയയിൽ നിർണായകമായത്.