പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പോസ്റ്റുമോർട്ടത്തില്‍ വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
ചൊവ്വാഴ്‌ച പുലർച്ചെ നാല് മണിയോടെയാണ് അവിവാഹിതയായ 21കാരി കുഞ്ഞിന് ജന്മം നല്‍കിയത്. ഗർഭിണിയാണെന്ന കാര്യം യുവതി കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു. രക്തസ്രാവത്തെത്തുടർന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചില്‍ കേള്‍ക്കാതിരിക്കാൻ കുഞ്ഞിന്റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീടിന്റെ പറമ്പില്‍ തള്ളിയെന്നും യുവതി മൊഴി നല്‍കിയിരുന്നു. കാമുകനില്‍ നിന്നാണ് ഗർഭിണി ആയതെന്നും യുവതി പൊലീസിനെ മൊഴി നല്‍കിയിട്ടുണ്ട്.
ആരും അറിയാതെ പ്രസവിച്ചതിനുശേഷം പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ ശുചിമുറിയില്‍ തലകറങ്ങി വീണു. ഈ വീഴ്‌ചയില്‍ കുഞ്ഞിന്റെ തല നിലത്തിടിച്ചതാകാമെന്നായിരുന്നു ആദ്യം പൊലീസിന്റെ നിഗമനം. കൂടുതല്‍ വ്യക്തത ലഭിക്കാൻ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
