കൊച്ചി: തീപിടിത്തം ഉണ്ടായ വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാൻ ഉള്ള ശ്രമം ആണ് നടക്കുന്നത്. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലും ഉണ്ട്.

കപ്പലിന്‍റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിനു മുന്നിലെ കണ്ടെയ്നര്‍ ഭാഗം വരെ തീയും പൊട്ടിത്തെറിയും ഇന്നലെ രാത്രി വരെയും ഉണ്ടായിരുന്നു. മുന്‍ഭാഗത്തെ തീ അല്‍പം നിയന്ത്രണ വിധേയമായി. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ ഇടത്തേക്കു ചെരിഞ്ഞാണ് നിൽക്കുന്നത്.

കണ്ടെയ്നറുകളി‍ല്‍ തട്ടി പ്രൊപ്പലര്‍ തകരാമെന്നതിനാല്‍ മറ്റു കപ്പലുകള്‍ക്ക് അടുത്തേയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.