ഡേവിഡ് ലിഞ്ച് | Photo: AFP

വാഷിങ്ടണ്‍ : ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. മരണവിവരം അദ്ദേഹത്തിന്റെ കുടുംബമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ അദ്ദേഹത്തിന് എംഫിസീമിയ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പുകവലി മൂലമുണ്ടാവുന്ന ശ്വാസകോശരോഗമാണ് എംഫിസീമിയ.

ബ്ലു വെല്‍വെറ്റ്, ദി എലഫന്റ് മാന്‍, മുള്‍ഹോളണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഡേവിഡ് ലിഞ്ച്. അദ്ദേഹം സംവിധാനം ചെയ്ത ടി.വി സീരിസായ ട്വിന്‍ പീക്ക് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു.

മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നോമിനേഷനും ഡേവിഡ് ലിഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 2019ല്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള അക്കാദമി അവാര്‍ഡും ലഭിച്ചു.

ഹോളിവുഡില്‍ ലിഞ്ചിയന്‍ സ്‌റ്റൈല്‍ സിനിമകള്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇറേസര്‍ഹെഡ്, ദി എലഫന്റ് മാന്‍, ഡ്യൂണ്‍, ബ്ലു വെല്‍വെറ്റ്, വൈല്‍ഡ് അറ്റ് ഹാര്‍ട്ട്, ട്വിന്‍ പീക്‌സ്, ലോസ്റ്റ് ഹൈവേ, ഇന്‍ലന്‍ഡ് എംപയര്‍ തുടങ്ങിയവയാണ് ഡേവിഡ് ലിഞ്ചിന്റെ പ്രധാനചിത്രങ്ങള്‍. ട്വിന്‍ പീക്ക്‌സ്, ഓണ്‍ ദി എയര്‍, ഹോട്ടല്‍ റൂം തുടങ്ങിയവയാണ് പ്രധാന ടിവി ഷോകള്‍.