സെഞ്ചറി നേടിയ ജമീമ റോഡ്രിഗസും (വലത്) അർധസെഞ്ചറി നേടിയ ഹാർലീൻ ഡിയോളും ബാറ്റിങ്ങിനിടെ (ബിസിസിഐ പങ്കുവച്ച ചിത്രം)
രാജ്കോട്ട് ∙ ഒരു സെഞ്ചറി, മൂന്ന് അർധസെഞ്ചറികൾ… അസാമാന്യ ബാറ്റിങ് മികവുമായി മുൻനിര താരങ്ങൾ തകർത്തടിച്ച രണ്ടാം ഏകദിനത്തിൽ, അയർലൻഡിനു മുന്നിൽ 371 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യൻ വനിതകൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്.
ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസ് സെഞ്ചറി നേടി. 90 പന്തിൽ 12 ഫോറുകൾ സഹിതമാണ് ജമീമ രാജ്യാന്തര കരിയറിൽ തന്റെ കന്നി സെഞ്ചറി കുറിച്ചത്. തൊട്ടടുത്ത പന്തിൽ ജമീമ (102) പുറത്താവുകയും ചെയ്തു. ഇതിനിടെ, വനിതാ ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന 11–ാമത്തെ താരമായും ജമീമ റോഡ്രിഗസ് മാറി.
ഓപ്പണർമാരായ സ്മൃതി മന്ഥന (73), പ്രതിക റാവൽ (67), ഹർലീൻ ഡിയോൾ (89) എന്നിവരും ഇന്ത്യൻ നിരയിൽ അർധസെഞ്ചറി നേടി. 54 പന്തുകൾ നേരിട്ട സ്മൃതി മന്ഥന, 10 ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. പ്രതിക റാവൽ 61 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്തു. 84 പന്തുകൾ നേരിട്ട ഹർലീൻ ഡിയോൾ, 12 ഫോറുകളോടെയാണ് 89 റൺസെടുത്തത്.
ഓപ്പണിങ് വിക്കറ്റിൽ 156 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുമായി സ്മൃതി മന്ഥന – പ്രതിക റാവൽ സഖ്യം ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും 114 പന്തിലാണ് ഇരുവരും 156 റൺസ് അടിച്ചുകൂട്ടിയത്. അതേ സ്കോറിൽ ഇരുവരും തുടർച്ചയായി പുറത്തായെങ്കിലും, മൂന്നാം വിക്കറ്റിൽ വീണ്ടും സെഞ്ചറി കൂട്ടുകെട്ടുമായി ഹർലീൻ ഡിയോൾ – ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 168 പന്തിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത് 183 റൺസ്.
അവസാന ഓവറുകളിൽ ക്രീസിലെത്തിയ റിച്ച ഘോഷ് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസെടുത്ത് പുറത്തായി. തേജൽ ഹസാബ്‌നിസ് (രണ്ടു പന്തിൽ രണ്ട്), സയാലി സാത്ഗരെ (മൂന്നു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് എട്ട് ഓളറിൽ 75 റൺസ് വഴങ്ങിയും ആർലീൻ കെല്ലി 10 ഓവറിൽ 82 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
